Featured Sports

സഞ്ജുവിന് മാത്രം കൈ കൊടുക്കാതെ ശ്രീശാന്ത്? കെസിഎൽ ഫൈനലിലെ ആ ഹാൻഡ്‌ഷേക്ക് വീഡിയോ വൈറൽ!

കേരള ക്രിക്കറ്റ് ലീഗ് 2026 ഫൈനലിന്റെ സമ്മാനദാന ചടങ്ങിനിടെ സഞ്ജു സാംസണും ശ്രീശാന്തും തമ്മിലുണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വേദിയിലെത്തിയ ശ്രീശാന്ത് അവിടെയുണ്ടായിരുന്ന മറ്റെല്ലാവർക്കും കൈകൊടുത്തെങ്കിലും സഞ്ജുവിന് മാത്രം ഹസ്തദാനം നൽകിയില്ല.

ട്രോഫിക്കും മറ്റ് ഭാരവാഹികൾക്കുമൊപ്പം വേദിയിലുണ്ടായിരുന്ന സഞ്ജുവിനെ ശ്രീശാന്ത് ഒഴിവാക്കിയത് ഇരുവർക്കുമിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഈ വിഷയത്തിൽ സഞ്ജുവോ ശ്രീശാന്തോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, 2027-ലെ ഐ.സി.സി ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ ബാക്കപ്പ് ഓപ്പണറായി കരുതുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറഞ്ഞു. പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ പ്രധാന പ്രശ്നമെന്നും അദ്ദേഹത്തെ ട്വന്റി-20 ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കണമെന്നും ജാഫർ അഭിപ്രായപ്പെട്ടു. ‘ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദിന ലോകകപ്പിനായി ഇന്ത്യ മികച്ച കോമ്പിനേഷനുകൾ കണ്ടെത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ സമയം ക്രീസിൽ നിൽക്കേണ്ട ഏകദിന ഫോർമാറ്റിന് അനുയോജ്യരായ മറ്റ് മികച്ച താരങ്ങൾ ഇന്ത്യക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാനമായി കളിച്ച ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും സ്ഥിരത ഒരു പ്രശ്നമായി തുടരുന്നുവെന്നും, അതിനാൽ സഞ്ജുവിനേക്കാൾ മികച്ച മറ്റ് ഓപ്ഷനുകൾ ഇന്ത്യക്ക് മുന്നിലുണ്ടെന്നും ജാഫർ കൂട്ടിച്ചേർത്തു.