Featured Good News

അമ്മ ഉണ്ടാക്കിത്തരാറുള്ള വെണ്ണ ദോശയുടെ രുചി ! പ്രതിമാസം 12 ലക്ഷം വരുമാനം! അമ്മയുടെയും മക്കളുടെയും വിജയഗാഥ

സ്വപ്നങ്ങൾ സാക്ഷാത്കരിക്കാന്‍ ചെറുതായി തുടങ്ങാമെങ്കിലും, ശരിയായ ആശയവും കഠിനാധ്വാനവും മനസ്സും ഉണ്ടെങ്കിൽ അവർക്ക് വലിയ ഉയരങ്ങളിലെത്താൻ കഴിയും. അമ്മ ഉണ്ടാക്കിത്തരാറുള്ള ദോശയുടെ രുചിയിൽ വിശ്വസിച്ച് അതിനെ ഒരു വലിയ ബിസിനസ്സാക്കി മാറ്റി വിജയം കൊയ്ത താനെ സ്വദേശിയായ ഗണേഷ് സാത്തെ എന്ന യുവാവിന്റെ കഥ ഇത്തരത്തിൽ ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്.

തീർച്ചയായും ഈ യാത്ര എളുപ്പമായിരുന്നില്ല. ദ ബെറ്റർ ഇന്ത്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇവരുടെ ജീവിതം മാറ്റിമറിച്ച ഈ അനുഭവ കഥ പറയുന്നത്. സി.എ പഠനം പകുതിയിൽ ഉപേക്ഷിച്ചാണ് ഗണേഷ് അമ്മയുടെ വെണ്ണ ദോശ (ബെണ്ണെ ദോശ) റെസിപ്പി വെച്ച് ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചത്. മകൻ ഒരു സി.എക്കാരനാകണം എന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ ഗണേഷിന്റെ മനസ്സിൽ അമ്മയുടെ ദോശയുടെ രുചി മാത്രമായിരുന്നു. അങ്ങനെ പരമ്പരാഗത രീതികൾ മാറ്റിവെച്ച് 50,000 രൂപ കടം വാങ്ങി ഒരു പഴയ വണ്ടിയിൽ ‘ദി ബെണ്ണെ’ എന്ന പേരിൽ ഒരു ചെറിയ ദോശക്കട ആരംഭിച്ചു.

സഹോദരി സ്വപ്നയും ഗണേഷിനൊപ്പം ചേർന്നതോടെ കച്ചവടം തുടങ്ങി. എന്നാൽ ആകർഷകമായ ഫുഡ് ട്രക്കുകളോടും മോമോസ്, പിസ്സ തുടങ്ങിയ തരംഗങ്ങളോടും മത്സരിക്കാൻ ഇവർക്കായില്ല. ആളുകൾ വരാതായതോടെ ദിവസവും നഷ്ടം സഹിക്കേണ്ടി വരികയും കച്ചവടം പൂട്ടേണ്ട അവസ്ഥയിൽ എത്തുകയും ചെയ്തു. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന ഇരുവരും സോഷ്യൽ മീഡിയയെ ആശ്രയിക്കാൻ തീരുമാനിച്ചു.

തങ്ങളുടെ യാത്രയെക്കുറിച്ചുള്ള വീഡിയോകൾ ഇവർ ഓൺലൈനിൽ പങ്കുവെക്കാൻ തുടങ്ങി. അമ്മയും സഹോദരിയും ചേർന്ന് ദിവസവും പുതിയ മാവ് തയ്യാറാക്കുകയും ഗണേഷ് രുചികരമായ ദോശകൾ ഉണ്ടാക്കുകയും ചെയ്തു. സാവധാനം ആളുകൾ ഇവരെ ശ്രദ്ധിക്കാൻ തുടങ്ങി. ഫോളോവേഴ്സും ഉപഭോക്താക്കളും കൂടിയതോടെ കട തുറന്ന് ഒരു മണിക്കൂറിനുള്ളിൽ ദോശകൾ മുഴുവൻ വിറ്റുതീരുന്ന അവസ്ഥയായി.

ഇന്ന് പ്രതിദിനം 400-ഓളം ആളുകളാണ് ഇവരുടെ കട സന്ദർശിക്കുന്നത്. പഴയ തട്ടുകട ഒരു സ്ഥിരം സ്ഥാപനമായി മാറിക്കഴിഞ്ഞു. ദിവസം 40,000 രൂപയോളം വരുമാനം ലഭിക്കുന്ന ഈ ബിസിനസ്സ് ഇന്ന് മാസം 12 ലക്ഷം രൂപയോളമാണ് നേടുന്നത്. കഠിനാധ്വാനവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഏറ്റവും ചെറിയ ആശയത്തിന് പോലും ജീവിതം മാറ്റിമറിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ സഹോദരങ്ങൾ.