Health

പന്നിയുടെ വൃക്കയുമായി 9 മാസം ജീവിച്ചയാൾക്ക് ഒടുവിൽ മനുഷ്യ വൃക്ക മാറ്റിവച്ചു !വൈദ്യശാസ്ത്രത്തിലെ വൻ വഴിത്തിരിവ്

അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയാരംഗത്ത് വലിയ നാഴികക്കല്ലാകുന്ന നേട്ടവുമായി വൈദ്യശാസ്ത്ര ലോകം. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ച 66-കാരൻ ഡയാലിസിസ് ഇല്ലാതെ 271 ദിവസങ്ങൾ ജീവിച്ചു. ഒരു പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ശേഷം ഇത്രയും ദൈർഘ്യമേറിയ സമയം ഡയാലിസിസ് ഇല്ലാതെ ജീവിക്കുന്നത് ആദ്യമായാണ്.

ടൈപ്പ് 2 പ്രമേഹം കാരണം വൃക്കകൾ പൂർണ്ണമായി പ്രവർത്തനരഹിതമായ ന്യൂ ഹാംഷെയർ സ്വദേശിയായ ടിം ആൻഡ്രൂസിനാണ് 2025 ജനുവരിയിൽ യു.എസ്സിൽ വെച്ച് ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. യുകാറ്റൻ ഇനത്തിൽപ്പെട്ട ചെറിയ പന്നിയിൽ നിന്ന് എടുത്ത വൃക്ക മനുഷ്യശരീരത്തിന് അനുയോജ്യമായ രീതിയിൽ ജനിതകമാറ്റം വരുത്തുകയായിരുന്നു. ആൻഡ്രൂസിന് സ്ഥിരമായി ഉപയോഗിക്കാനല്ല, മറിച്ച് അനുയോജ്യമായ ഒരു മനുഷ്യവൃക്ക ലഭിക്കുന്നതുവരെ ജീവൻ നിലനിർത്താനുള്ള ഒരു താൽക്കാലിക മാർഗ്ഗമായാണ് ഡോക്ടർമാർ ഇതിനെ കണ്ടത്.

271 ദിവസത്തെ ഉപയോഗത്തിന് ശേഷം രക്തക്കുഴലുകൾക്കുണ്ടായ തരാറുകൾ കാരണം ഈ വൃക്കയുടെ പ്രവർത്തനം നിലച്ചു. തുടർന്ന് ഡോക്ടർമാർ പന്നിയുടെ വൃക്ക പുറത്തെടുക്കുകയും, കുറച്ചുദിവസത്തെ ഡയാലിസിസിന് ശേഷം 2026 ജനുവരിയിൽ മരണമടഞ്ഞ ഒരാളുടെ വൃക്ക അദ്ദേഹത്തിൽ വിജയകരമായി വെച്ചുപിടിപ്പിക്കുകയും ചെയ്തു. പന്നിയുടെ വൃക്കയിൽ നിന്ന് മനുഷ്യന്റെ വൃക്കയിലേക്ക് വിജയകരമായി മാറിയ ആദ്യത്തെ വ്യക്തി എന്ന നിലയിലും ഈ കേസ് വളരെ പ്രധാനപ്പെട്ടതാണ്.

ഈ പരീക്ഷണം തന്റെ ജീവിതനിലവാരം പൂർണ്ണമായി മാറ്റിയെന്നും ഡയാലിസിസ് ഇല്ലാത്ത ജീവിതം ഒരു അത്ഭുതമായിരുന്നുവെന്നും ആൻഡ്രൂസ് വ്യക്തമാക്കി. ഈ വൃക്ക പിന്നീട് പ്രവർത്തനരഹിതമായെങ്കിലും, മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യനിൽ ഉപയോഗിക്കുന്ന ‘സെനോട്രാൻസ്പ്ലാന്റേഷൻ’ എന്ന പഠനശാഖയ്ക്ക് ഈ കേസ് വലിയ പ്രതീക്ഷയാണ് നൽകുന്നത്.