ലണ്ടൻ: 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂൾ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ തുടങ്ങി. ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളതെങ്കിലും തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം അധ്യാപിക നിഷേധിച്ചു.
വിദ്യാർഥികൾക്ക് ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ബ്രോൺവെൻ അനുവാദം നൽകിയിരുന്നതായി പരാതിക്കാരനായ വിദ്യാർഥി പൊലീസിനോട് വെളിപ്പെടുത്തി. വിദ്യാർഥി അയച്ച സ്നാപ്ചാറ്റ് റിക്വസ്റ്റ് ആദ്യം നിരസിച്ചെങ്കിലും പിന്നീട് ബ്രോൺവെൻ അത് സ്വീകരിക്കുകയും ഇരുവരും സന്ദേശങ്ങൾ അയക്കാൻ തുടങ്ങുകയും ചെയ്തു. വെസ്റ്റേൺഷോറിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും കാറിൽ വച്ച് ചുംബിച്ചെന്നും, പിന്നീട് ടിവിയിൽ വിംബിൾഡൺ മത്സരങ്ങൾ കാണുന്നതിനിടയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
തുടർന്ന് വിദ്യാർഥിയുമായി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബ്രോൺവെൻ, മറ്റൊരിടത്തേക്ക് മാറിത്താമസിക്കാമെന്നും തനിച്ചുള്ളപ്പോൾ തന്നെ ‘മിസ്’ എന്ന് വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് നാല് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇരുവരും തമ്മിലുള്ള സന്ദേശങ്ങൾ മറ്റൊരു വിദ്യാർഥി സ്കൂൾ അധികൃതരെ കാണിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാർഥിയുടെ പേര് വെളിപ്പെടാതിരിക്കാൻ സന്ദേശങ്ങളിൽ ‘നമ്പർ 8’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. താൻ ബന്ധപ്പെടുന്ന എട്ടാമത്തെ പുരുഷനായതുകൊണ്ടാണ് ഈ പേര് നൽകിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയെങ്കിലും ആരോപണങ്ങളെല്ലാം അധ്യാപിക തള്ളി.




