Celebrity Featured

ആദ്യ പ്രണയതകർച്ച, ആത്മഹത്യാശ്രമം രണ്ട് വിവാഹമോചനങ്ങൾ, മോശമായി പെരുമാറിയത് 28 പേർ: ഒന്നും പഠിച്ചില്ല, മനസ്സ് തുറന്ന് നടി

തമിഴിൽനിന്ന് വന്ന് മലയാള സിനിമയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടിയാണ് ചാർമിള. ‘ധനം’, ‘അങ്കിൾ ബൺ’, ‘കേളി’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചാർമിളയുടെ വ്യക്തിജീവിതം പലപ്പോഴും വലിയ തിരിച്ചടികൾ നിറഞ്ഞതായിരുന്നു.

നടൻ ബാബു ആന്റണിയുമായുള്ള പ്രണയതകർച്ചയാണ് അവരുടെ ജീവിതത്തെ ആദ്യം ബാധിച്ചത്. തനിക്ക് 19 വയസ്സുള്ളപ്പോൾ ബാബു ആന്റണിയോട് തോന്നിയ പ്രണയവും, പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് പോയി തിരിച്ചുവരാതിരുന്നതും ചാർമിള ഓർത്തെടുക്കുന്നു. ഈ പ്രണയതകർച്ചയെത്തുടർന്ന് താൻ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നതായി അവർ വെളിപ്പെടുത്തി. എന്നാൽ തനിക്ക് നടിമാരുമായി പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നാണ് പിന്നീട് ബാബു ആന്റണി വ്യക്തമാക്കിയത്.

ബാബു ആന്റണിയുമായുള്ള വേർപിരിയലിന് ശേഷം മാനസികമായി തളർന്ന ചാർമിള, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കിഷോർ സത്യയെ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയം നിർത്താൻ ഭർത്താവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിക്രം നായകനായ ‘സേതു’ ഉൾപ്പെടെയുള്ള മികച്ച അവസരങ്ങൾ അവർ വേണ്ടെന്നുവെച്ചു. എന്നാൽ നാല് വർഷത്തിന് ശേഷം ഈ ബന്ധം തുടരാൻ താല്പര്യമില്ലെന്ന് കിഷോർ അറിയിക്കുകയും തുടർന്ന് ഇരുവരും നിയമപരമായി വേർപിരിയുകയുമായിരുന്നു. പിന്നീട് എട്ട് വയസ്സ് ഇളപ്പമുള്ള രാജേഷ് എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വിവാഹം കഴിച്ചെങ്കിലും മകന്റെ മതവിശ്വാസത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ആ ബന്ധവും വിവാഹമോചനത്തിൽ അവസാനിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ വ്യവസായത്തിൽ നിന്ന് താൻ നേരിട്ട ദുരനുഭവങ്ങളും ചാർമിള വെളിപ്പെടുത്തി. 28-ഓളം പേർ തന്നോട് മോശമായി പെരുമാറിയെന്നും, നിർമ്മാതാവ് എം.പി. മോഹനനും സുഹൃത്തുക്കളും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു. ഡയറക്ടർ ഹരിഹരൻ ‘സഹകരിക്കുമോ’ എന്ന് ചോദിച്ചതായും, അതിന് തയ്യാറാകാത്തതിനെ തുടർന്ന് തന്നേയും നടൻ വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കിയതായും ചാർമിള വെളിപ്പെടുത്തി. നിലവിൽ സിനിമകളിൽ സജീവമല്ലെങ്കിലും ചില ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ അവർ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.