Featured Oddly News

‘ഞങ്ങളുടെ രണ്ടാം ജന്മം’: നേപ്പാൾ പ്രളയത്തെ അതിജീവിച്ച വൈറലായ വീട്ടിൽ നിന്ന് കുടുംബാംഗത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ!

നേപ്പാളിൽ ഏതാനും ദിവസങ്ങൾക്കു മുൻപുവരെ സാധാരണ ഒരു വീടായിരുന്ന പച്ചച്ചായമടിച്ച കെട്ടിടം, ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തമായിരിക്കുകയാണ്. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിൽ, ചുറ്റുമുള്ള സർവ്വതും ഒലിച്ചുപോയപ്പോഴും ഉറച്ചുനിന്ന ഒരേയൊരു വീടായിരുന്നു അത്. ചുറ്റുമുള്ളതെല്ലാം ചെളിയിൽ മുങ്ങിപ്പോകുമ്പോഴും തകരാതെ നിന്ന ഈ വീടിന്റെ ദൃശ്യങ്ങൾ വലിയ രീതിയിലാണ് പ്രചരിച്ചത്. എന്നാൽ ഈ പ്രശസ്തിയ്ക്ക് പിന്നിൽ സന്തോഷത്തോടൊപ്പം സങ്കടം നിറഞ്ഞ ഒരു കഥയുമുണ്ട്.

പ്രളയം വിതച്ച ഭീതിയെക്കുറിച്ച് വീടുടമസ്ഥരിൽ ഒരാളായ ലക്ഷ്മി പാണ്ഡെ ഓർത്തെടുക്കുന്നു. ദുരന്തം ചുറ്റുമുള്ള പ്രദേശങ്ങളെ വിഴുങ്ങിയപ്പോഴും ജീവനോടെ രക്ഷപ്പെടാൻ കഴിഞ്ഞത് ഒരു അത്ഭുതമാണെന്ന് അവർ പറയുന്നു. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ലക്ഷ്മിയും ഭർത്താവും വീട്ടിൽ നിന്നും അല്പം അകലെയുള്ള കടയിലായിരുന്നു. ദുരന്ത വിവരം അറിഞ്ഞ് വീട്ടിലുണ്ടായിരുന്ന ഭർതൃമാതാവിനെയും മകളെയും രക്ഷിക്കാൻ ഇരുവരും ഓടിയെത്തുകയായിരുന്നു.

എന്നാൽ ഇത്രയും വലിയൊരു ദുരന്തം ഇവിടെ മുൻപൊന്നും ഉണ്ടായിട്ടില്ലെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു ഭർതൃമാതാവിന്റെ ആദ്യ പ്രതികരണം. എന്നാൽ തൊട്ടടുത്ത നിമിഷം പഴയ പാലം തകർന്ന് വെള്ളം ഇരച്ചെത്തി. ഇതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ ലക്ഷ്മിയും കുടുംബവും അയൽവാസിയും വീടിന്റെ മുകളിലത്തെ നിലയിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.

2015-ൽ നേപ്പാളിലുണ്ടായ മഹാഭൂകമ്പത്തിന് സമാനമായി വീട് ശക്തിയായി കുലുങ്ങിയെന്ന് ലക്ഷ്മി ഓർക്കുന്നു. ഇരുവശത്തുനിന്നും ശക്തമായി ഇരച്ചെത്തിയ വെള്ളം വീടിനെ ഉലച്ചുകളഞ്ഞു. തൊട്ടടുത്ത വീട് തകർന്നു വീണതോടെ രക്ഷപ്പെടുമെന്ന പ്രതീക്ഷ പൂർണ്ണമായും അറ്റ അവസ്ഥയിലായിരുന്നു. എന്നാൽ ആ സമയത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് എത്തിയ ഏതാനും അയൽക്കാരാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് തങ്ങൾക്ക് രണ്ടാം ജന്മം ലഭിച്ചതെന്നും അയൽക്കാർ ദൈവത്തെപ്പോലെയാണ് രക്ഷയ്‌ക്കെത്തിയതെന്നും അവർ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ആറുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അതേസമയം നേപ്പാളിൽ പ്രളയം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും അയ്യായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. Rasuwa, Nuwakot തുടങ്ങിയ നിരവധി ജില്ലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിനായി ഇന്ത്യൻ എംബസിയും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.