Featured Good News

6 ദിവസം, നൂറിലധികം രക്ഷാദൗത്യങ്ങൾ; വിശ്രമമില്ലാതെ പറന്ന് നേപ്പാളിന്റെ ആദ്യ വനിതാ പൈലറ്റ് പ്രിയ അധികാരി ! വീഡിയോ

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണടിച്ചിലിലും ദുരിതത്തിലായ മനുഷ്യർക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആകാശത്ത് വിശ്രമമില്ലാതെ പറക്കുകയാണ് ഒരു വനിതാ ഹെലികോപ്റ്റർ പൈലറ്റ്. ദുരന്തമേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമായി നേപ്പാളിലെ ആദ്യത്തെ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റനായ പ്രിയ അധികാരി ഇതുവരെ നൂറോളം രക്ഷാദൗത്യങ്ങളാണ് പൂർത്തിയാക്കിയത്. ഹിമാലയൻ മേഖലയിലും പ്രളയം ബാധിച്ച രസുവ ജില്ലയിലെ തിമുറെയിലും 41-കാരിയായ ഈ പൈലറ്റിന്റെ സേവനം നിർണ്ണായകമായി മാറിക്കഴിഞ്ഞു.

താൻ ഇതുവരെ പങ്കെടുത്തതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനങ്ങളിലൊന്നാണിതെന്ന് സിഎൻഎൻ വാർത്താചാനലിനോട് സംസാരിക്കവെ പ്രിയ പറഞ്ഞു. ഇടുങ്ങിയ താഴ്‌വരയിലുണ്ടായ വൻ നാശനഷ്ടമായതിനാൽ 2015-ലെ നേപ്പാൾ ഭൂകമ്പത്തേക്കാൾ അപകടകരമാണ് നിലവിലെ സാഹചര്യമെന്ന് അവർ വ്യക്തമാക്കുന്നു.

നേപ്പാളിലെ പ്രമുഖ ഹൈ-ആൾട്ടിറ്റ്യൂഡ് ഹെലികോപ്റ്റർ പൈലറ്റായ പ്രിയ, സമുദ്രനിരപ്പിൽ നിന്ന് 6,200 മീറ്റർ വരെ ഉയരമുള്ള അപകടകരമായ മേഖലകളിൽ നിന്നടക്കം പരിക്കേറ്റ മലകയറ്റക്കാരെ രക്ഷപ്പെടുത്തി പരിചയസമ്പന്നയാണ്. പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ആദ്യം കേബിൻ ക്രൂവായി ജോലി ചെയ്ത പ്രിയ, പിന്നീടാണ് ഫിലിപ്പീൻസിൽ പോയി ഹെലികോപ്റ്റർ പരിശീലനം പൂർത്തിയാക്കി 2017-ൽ മുഴുവൻ സമയ പൈലറ്റാകുന്നത്.

നിലവിൽ തിമുറെ മേഖലയിൽ 20-ഓളം ഹെലികോപ്റ്ററുകളാണ് ഒരേസമയം രക്ഷാപ്രവർത്തനം നടത്തുന്നത്. ചില സമയങ്ങളിൽ അഞ്ചോ ആറോ ഹെലികോപ്റ്ററുകൾ ഒരേസമയം ലാൻഡ് ചെയ്യേണ്ടിവരുന്നത് വലിയ അപകടസാധ്യത ഉയർത്തുന്നുണ്ട്. കനത്ത ചെളിയും മണ്ണും കാരണം തറ ഉറപ്പുള്ളതാണോ എന്ന് ആകാശത്തുനിന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ, ഹെലികോപ്റ്ററിന്റെ എഞ്ചിൻ ഓഫ് ചെയ്യാതെയാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും.

ദുരന്തഭൂമിയിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും സഹായത്തിനായി കൈവീശുന്ന ജനങ്ങളെയുമാണ് താൻ ആകാശത്തുനിന്ന് കണ്ടതെന്ന് പ്രിയ വേദനയോടെ ഓർക്കുന്നു. എങ്കിലും ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമ്പോൾ “നിങ്ങൾ ജീവനോടെ രക്ഷപ്പെട്ടല്ലോ” എന്ന് ആശ്വാസം വാക്കുകൾ പറഞ്ഞാണ് അവർ ദുരന്തബാധിതർക്ക് ധൈര്യം പകരുന്നത്. ആദ്യ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 200-ലധികം ആളുകളെയാണ് ഇവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

രക്ഷാപ്രവർത്തനങ്ങൾക്കിടയിലും ചില മനുഷ്യരുടെ മുഖങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ലെന്ന് പ്രിയ പറയുന്നു. അമേരിക്കൻ-ഇന്ത്യൻ വംശജയായ രാധിക എന്ന യുവതിയുടെ മാതാപിതാക്കൾക്കായും ഈഷാ ഫൗണ്ടേഷൻ പ്രവർത്തകനായ വ്യക്തിക്കായും തിമുറെയിലെ ബാങ്ക് ജീവനക്കാരനായും ഇവർ ഏറെ തിരച്ചിൽ നടത്തിയിരുന്നു. സ്വന്തം ബന്ധുക്കളല്ലെങ്കിൽ പോലും ദുരന്തമുഖത്തെ കാഴ്ചകൾ മാനസികമായി ഏറെ തളർത്തുന്നതാണെന്ന് അവർ കൂട്ടിച്ചേർത്തു.

തുടർച്ചയായ യാത്രകൾ കാരണം കടുത്ത ശാരീരിക ക്ഷീണമുണ്ടെങ്കിലും, ഇത്തരമൊരു ദുരന്തസമയത്ത് സഹജീവികളെ രക്ഷിക്കാനാണ് തങ്ങൾ പരിശീലനം നേടിയിട്ടുള്ളതെന്നും ആ ദൗത്യം അവസാന നിമിഷം വരെ തുടരുമെന്നും പ്രിയ അധികാരി വ്യക്തമാക്കുന്നു.