വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിലെ ആദ്യ മത്സരത്തിൽ തായ്ലൻഡിനെതിരെ 94 റൺസിന്റെ വൻ വിജയം സ്വന്തമാക്കി ഇന്ത്യ. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തായ്ലൻഡിനെ 16.1 ഓവറിൽ വെറും 65 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കി. 41 റൺസ് നേടിയ ക്യാപ്റ്റൻ നന്നപട്ട് കൊഞ്ചരോയെൻകായ് മാത്രമാണ് തായ്ലൻഡ് നിരയിൽ പിടിച്ചുനിന്നത്, മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി നന്ദിനി ശർമയും ദീപ്തി ശർമയും മൂന്നു വിക്കറ്റ് വീതവും ശ്രീ ചരണി രണ്ടും ക്രാന്തി ഗൗഡ് ഒരു വിക്കറ്റും നേടി. അന്താരാഷ്ട്ര വനിതാ ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (171 വിക്കറ്റ്) നേടുന്ന താരമെന്ന റെക്കോർഡ് ദീപ്തി സ്വന്തമാക്കി. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ട് പോയിന്റോടെ ഇന്ത്യ ഒന്നാമതെത്തി. മൂന്നാം തീയതി ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഒരു ഘട്ടത്തിൽ 8.5 ഓവറിൽ 1 വിക്കറ്റിന് 91 റൺസ് എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യയെ, പിന്നീട് വെറും 69 റൺസിനിടെ 8 വിക്കറ്റുകൾ വീഴ്ത്തി തായ്ലൻഡ് ഞെട്ടിച്ചു. അർധസെഞ്ചറി നേടിയ ഓപ്പണർ ഷെഫാലി വർമ (36 പന്തിൽ 64), പ്രതിക റാവൽ (18 പന്തിൽ 22), അവസാന നിമിഷങ്ങളിൽ തിളങ്ങിയ ക്രാന്തി ഗൗഡ് (8 പന്തിൽ 15*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. തായ്ലൻഡിനായി സുലീപോർൺ ലാവോമി മൂന്നു വിക്കറ്റും സുനിദ ചതുരോങ്ഗ്രത്താന രണ്ട് വിക്കറ്റും തിപാച്ച പുത്തവോങ്, ചനിദ സുത്തിരുവാങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥനയും ഷെഫാലി വർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ മൂന്നാം ഓവറിൽ സ്മൃതി (10 പന്തിൽ 19) റണ്ണൗട്ടായി. തുടർന്ന് ക്രീസിലെത്തിയ പ്രതിക റാവലും ഷെഫാലിയും ചേർന്ന് സ്കോർ ഉയർത്തി. പവർപ്ലേയിൽ 1 വിക്കറ്റിന് 65 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ഒൻപതാം ഓവറിൽ ഷെഫാലി തന്റെ 19-ാം അന്താരാഷ്ട്ര ട്വന്റി20 അർധസെഞ്ചറി പൂർത്തിയാക്കി. എന്നാൽ തൊട്ടടുത്ത പന്തിൽ പ്രതിക റാവൽ പുറത്തായി.
പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് (9 പന്തിൽ 5) തിളങ്ങാനായില്ല. 12–ാം ഓവറിൽ ഹർമൻപ്രീതും അടുത്ത ഓവറിലെ അടുത്തടുത്ത പന്തുകളിൽ ഷെഫാലിയും റിച്ച ഘോഷും (0) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്ന് ദീപ്തി ശർമ (5), പ്രേമ റാവത്ത് (6), നന്ദിനി ശർമ (1) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും, അവസാന ഓവറുകളിൽ ക്രാന്തി ഗൗഡ് നടത്തിയ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്.




