ബഹ്റൈച്ചിൽ റൂട്ടീൻ പട്രോളിംഗിനിടെ റോഡരികിൽ ബോധരഹിതയായി കിടന്ന 55-കാരിയായ ഗായത്രി ദേവിയെ, പൊലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സിംഗ് കൈകളിൽ എടുത്തുയർത്തി അടുത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ച് അടിയന്തര ചികിത്സ നൽകിയ സംഭവം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
അപരിചിതമായ ഏതോ വാഹനം ഇടിച്ചാണ് ഗായത്രി ദേവിക്ക് പരിക്കേറ്റത്. സമയമൊന്നും കളയാതെ ഇൻസ്പെക്ടർ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തത് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഇൻസ്പെക്ടറുടെ തൊട്ടുപിന്നാലെ പൊലീസ് ജീപ്പ് ഉണ്ടായിരുന്നിട്ടും, അതിൽ രോഗിയെ കയറ്റാതെ എടുത്തോടിയത് എന്തിനാണെന്ന് ആളുകൾ ചോദിക്കുന്നു.
വണ്ടിയിൽ കൊണ്ടുപോയിരുന്നെങ്കിൽ ഇതിലും വേഗത്തിൽ ഡോക്ടറുടെ അടുത്തെത്തിക്കാൻ സാധിക്കുമായിരുന്നു എന്നും, പബ്ലിസിറ്റിക്കും സോഷ്യൽ മീഡിയയിൽ വൈറലാകാനും വേണ്ടിയുള്ള നാടകമാണിതെന്നുമാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.




