ലാസ് വേഗാസിലേക്ക് ഒളിച്ചോടി വിവാഹം കഴിക്കാൻ പോയ കാമുകീ കാമുകന്മാർക്ക് 35,000 അടി ഉയരത്തിൽ വിമാനത്തിനുള്ളിൽ അപ്രതീക്ഷിത വിവാഹസമ്മാനം ഒരുക്കി വിമാനജീവനക്കാർ. സാറ അറോയോ മോണ്ടാൽവോയും പങ്കാളിയും സിൻ സിറ്റിയിൽ വെച്ച് രഹസ്യമായി വിവാഹം കഴിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇവരുടെ പ്ലാൻ അറിഞ്ഞ സൗത്ത് വെസ്റ്റ് എയർലൈൻസ് ജീവനക്കാർ വിമാനത്തിനുള്ളിൽ തന്നെ ഒരു അവിസ്മരണീയമായ കല്യാണം സംഘടിപ്പിക്കുകയായിരുന്നു.
ഓഗസ്റ്റ് 13-നായിരുന്നു ഈ അപൂർവ്വ സംഭവം. വിമാനത്തിലുണ്ടായിരുന്ന 178 യാത്രക്കാർ സാക്ഷികളായ ചടങ്ങിൽ, നിയമപരമായി വിവാഹം കഴിപ്പിക്കാൻ അധികാരമുള്ള വിമാനത്തിലെ ക്യാപ്റ്റൻ തന്നെ കാർമ്മികനായി. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഈ സ്നേഹനിർഭരമായ നീക്കം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് സാറ സോഷ്യൽ മീഡിയയിൽ കുറിച്ചു.
“സൗത്ത് വെസ്റ്റ് എയർലൈൻസിന് നന്ദി. എന്റെ ഭർത്താവും ഞാനും രഹസ്യമായി വിവാഹം കഴിക്കാൻ ലാസ് വേഗാസിലേക്ക് പോവുകയായിരുന്നു. എന്നാൽ ഞങ്ങളുടെ പ്ലാൻ അറിഞ്ഞ ഫ്ലൈറ്റ് അറ്റൻഡന്റുകൾ അവർക്കായൊരു പ്ലാൻ തയ്യാറാക്കി. 35,000 അടി ഉയരത്തിൽ, 178 സാക്ഷികൾക്ക് മുന്നിൽ, ഒപ്പം നിയമപരമായി വിവാഹം കഴിപ്പിക്കാൻ അധികാരമുള്ള ക്യാപ്റ്റൻ കാർമ്മികനായപ്പോൾ എല്ലാം ദൈവനിശ്ചയം പോലെ നടന്നു,” സാറ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
വിമാനത്തിലുണ്ടായിരുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ജീവനക്കാർ വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒരുക്കിയത്. ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ച് വധുവിനായി വിമാനജീവനക്കാർ മനോഹരമായ ഒരു വെയിലും വസ്ത്രവും തയ്യാറാക്കി. കോഫി ഇളക്കുന്ന സ്റ്റിക്ക് ഉപയോഗിച്ചാണ് വധുവിന്റെ കയ്യിലെ പൂച്ചെണ്ട് (ബൊക്ക) ഉണ്ടാക്കിയത്. സൗത്ത് വെസ്റ്റ് എയർലൈൻസിൽ തങ്ങളുടെ ആദ്യത്തെ യാത്രയായിരുന്നു ഇതെന്നും, ഇത്രയും മനോഹരമായ അനുഭവത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നതായും സാറ കൂട്ടിച്ചേർത്തു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. വിമാനജീവനക്കാരുടെ ഈ കൊച്ചു സന്മനസ്സ് ആളുകളിൽ വലിയ സന്തോഷമുണ്ടാക്കിയെന്നും, ഇത്തരം സ്നേഹനിർഭരമായ പ്രവർത്തികളാണ് ലോകത്തിന് ആവശ്യമെന്നും നെറ്റിസൺസ് കുറിച്ചു.




