ഭിക്ഷാടനം നടത്തി ഉപജീവനം കഴിച്ചിരുന്ന ഒരു വയോധികയുടെ മരണശേഷം അവരുടെ വാടകവീട്ടിൽ നിന്ന് വൻ തുക കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഗുത്തലു പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹൂർ പീ പർവീൺ (ഹൂർ ഉന്നിസ) എന്ന സ്ത്രീയാണ് വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഞായറാഴ്ച മരിച്ചത്. ഇതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് പണം നിറഞ്ഞ നിരവധി ബാഗുകൾ കണ്ടത്.
തുടക്കത്തിൽ മൊത്തം തുക ഏകദേശം 30 ലക്ഷം രൂപയിൽ അധികം വരുമെന്ന് നാട്ടുകാർ കണക്കാക്കിയിരുന്നു. ഞായറാഴ്ച മാത്രം ഏകദേശം 8 മുതൽ 9 ലക്ഷം രൂപ വരെ എണ്ണിത്തീർത്തു. ബാക്കി 20 ഓളം ബാഗുകളിലായുള്ള പണം കൂടി എണ്ണിത്തീർക്കാനുണ്ട്. എങ്കിലും കൃത്യമായ തുക എത്രയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രണ്ടു വർഷം മുമ്പ് സഹോദരി മരിച്ചതിനെ തുടർന്നാണ് ഇവർ പൂർണ്ണമായും ഒറ്റപ്പെട്ടത്. അവിവാഹിതയായ ഹൂർ, ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. ലളിതമായ ജീവിതരീതി പിന്തുടർന്നിരുന്ന ഇവർ ഇത്രയും തുക എങ്ങനെ ശേഖരിച്ചു എന്നതും പണമായി തന്നെ സൂക്ഷിച്ചതും അയൽക്കാരെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
കണ്ടെടുത്ത പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഗുത്തലുവിലെ പ്രാദേശിക മസ്ജിദ് അധികൃതർക്ക് കൈമാറി. പള്ളികമ്മിറ്റി ഭാരവാഹികൾ ഹൂറിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ബാക്കിയുള്ള ബാഗുകൾ തുറന്ന് പണം എണ്ണാനാണ് തീരുമാനം. അതിനുശേഷമേ ഈ പണം ആർക്ക് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഭിക്ഷാടനത്തിലൂടെ വർഷങ്ങളോളം സമ്പാദിച്ച സമ്പാദ്യമാണോ ഇതെന്ന് വ്യക്തമല്ലെങ്കിലും, ഈ സംഭവം ഇപ്പോൾ പ്രദേശത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.




