തമിഴ്നാട് എക്സ്പ്രസിലെ ട്രോളി ബാഗിൽ അഴുകിയ നിലയിൽ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. തമിഴ്നാട്ടിലെ ഗൂഡുവാഞ്ചേരിയിലുള്ള വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ ജഗത്സിംഗ്പൂർ സ്വദേശി ഹയാത്തുന്നിസ (38) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഓഗസ്റ്റ് 5-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുലർച്ചെ അഞ്ചോടെ ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തിയ തമിഴ്നാട് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ഒരു ചുവന്ന ട്രോളി ബാഗിലാണ് തലയില്ലാത്തതും അഴുകിയതുമായ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആഗ്ര റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെന്നൈ ആർ.പി.എഫ് ഇതിൽ പങ്കാളികളാകുകയും ചെയ്തു. ആഗ്ര പോലീസിൽ നിന്ന് ലഭിച്ച വിവരപ്രകാരം ചെന്നൈ സെൻട്രൽ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആർ.പി.എഫ് പരിശോധിച്ചു. ഓഗസ്റ്റ് 3-ന് രാത്രി ഡൽഹിയിലേക്ക് പോയ ട്രെയിനിൽ, ആഗ്രയിൽ കണ്ടെത്തിയതിന് സമാനമായ ട്രോളി ബാഗുമായി ഒരു പുരുഷനും സ്ത്രീയും കയറുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമായി.
ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയായ മണിക് ഉദ്ദീൻ ലസ്കർ, ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവരാണ് ഇവരെന്ന് മനസ്സിലായത്. ഇവർ ഗൂഡുവാഞ്ചേരിയിലാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, തമിഴ്നാട് ജി.ആർ.പി സൂപ്രണ്ട് പി. രാജന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരിശോധന നടത്തി. മസൂതി സ്ട്രീറ്റിലെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഒരു ബിരിയാണി പാത്രത്തിനുള്ളിൽ നിന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കൂടുതൽ ശരീരഭാഗങ്ങൾ പോലീസ് കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട ഹയാത്തുന്നിസ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
ഇതിനിടെ ഹയാത്തുന്നിസയെ കാണാനില്ലെന്ന് കാട്ടി മകൻ പോലീസിൽ പരാതി നൽകിയിരുന്നു. ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.




