മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിനെ 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ പട്യാല ഹൗസ് കോടതി കുറ്റമുക്തനാക്കി. 2004-ൽ റജിസ്റ്റർ ചെയ്ത കേസിൽ വ്യാജ യുകെ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ചു, സാമ്പത്തിക ഇടപാടുകൾ നടത്തി, യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഐ.പി.സി 420, 468, 471, 120B വകുപ്പുകളും പാസ്പോർട്ട് ആക്ടിലെ 12-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരുന്നത്.
എന്നാൽ, സാമ്പത്തിക ഇടപാടുകളിലോ അജ്വ സ്പോർട്സ് ക്ലബ്ബിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ മാർട്ടിന് പങ്കുണ്ടെന്ന് തെളിയിക്കാൻ തക്ക വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രധാന സാക്ഷികൾക്കൊന്നും ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ ശരിവെക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് കോടതി മാർട്ടിനെ മുഴുവൻ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
2004-ൽ തന്റെ നേതൃത്വത്തിൽ യുകെയിൽ കളിക്കാൻ പോയ ടീമിലെ ഒരു അംഗം വിസ കാലാവധി കഴിഞ്ഞും അവിടെ തുടരുകയും, പിന്നീട് വ്യാജ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തതാണ് കേസിന് ആസ്പദമായ സംഭവമെന്ന് വിധി പുറത്തുവന്നതിന് പിന്നാലെ മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒറിജിനൽ എഫ്.ഐ.ആറിൽ തന്റെ പേരുണ്ടായിരുന്നില്ലെന്നും, ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന നിലയിലുള്ള പ്രശസ്തി കാരണമാണ് അന്വേഷണത്തിനിടയിൽ തന്റെ പേര് കേസിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഈ കേസ് കാരണം ജീവിതത്തിൽ വലിയ മാനസിക സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നെന്നും റെയിൽവേയിലെ ജോലി നഷ്ടമായെന്നും മാർട്ടിൻ പറഞ്ഞു. ബി.സി.സി.ഐയിൽ നിന്ന് പിന്തുണയൊന്നും ലഭിക്കാതിരുന്ന 22 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച ഈ അനുകൂല വിധി തന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള വലതുകൈയ്യൻ ബാറ്ററായ ജേക്കബ് മാർട്ടിൻ 22.57 ശരാശരിയിൽ 158 റൺസ് നേടിയിട്ടുണ്ട്.




