സമൂഹത്തിലെ ഏറ്റവും നിർധനരായ ആളുകൾക്കായി പ്രവർത്തിക്കുന്ന രാജസ്ഥാനിലെ ഭരത്പൂരിലുള്ള ‘മാ മാധുരി ബ്രിജ് വാരിസ് സേവാ സദൻ അപ്നാ ഘർ സൻസ്ഥ’ ലോകത്തിലെ ഏറ്റവും വലിയ വനിതാ അഭയകേന്ദ്രത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടി. 3,295 അന്തേവാസികൾക്ക് തണലൊരുക്കിക്കൊണ്ടാണ് ഈ സ്ഥാപിതം സുപ്രധാന നേട്ടം കൈവരിച്ചത്.
ഉപേക്ഷിക്കപ്പെട്ടവർക്കും അനാഥർക്കും വീടില്ലാത്തവർക്കും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പരിചരണവും പുനരധിവാസവും നൽകുന്ന സ്ഥാപനമാണ് ‘അപ്നാ ഘർ ആശ്രമം’. ഡോ. ബി. എം. ഭരദ്വാജ്, ഡോ. മാധുരി ഭരദ്വാജ് എന്നിവർ ചേർന്ന് തുടക്കമിട്ട ഈ പ്രസ്ഥാനം, തെരുവ് കുട്ടികളെയും ഉപേക്ഷിക്കപ്പെട്ടവരെയും സഹായിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവുകൾ, അമ്പലങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെടുക്കുന്ന പരിക്കേറ്റവരും രോഗികളുമായ ആളുകളാണ് ഇവിടെയുള്ള അന്തേവാസികളിൽ ഭൂരിഭാഗവും. സ സൗജന്യ താമസം, ഭക്ഷണം, വസ്ത്രം, മികച്ച വൈദ്യസഹായം, മനഃശാസ്ത്രപരമായ പിന്തുണ എന്നിവയാണ് ഈ ആശ്രമം സൗജന്യമായി നൽകുന്നത്. സംഭാവനകളിലൂടെയും സന്നദ്ധപ്രവർത്തകരുടെ സഹായത്തിലൂടെയുമാണ് ഈ ഭീമൻ കാരുണ്യപ്രവർത്തനം മുന്നോട്ടുപോകുന്നത്.
ഇവിടെയെത്തുന്ന ഓരോ അന്തേവാസിയെയും ദൈവത്തിന്റെ രൂപമായി കണ്ട് ‘പ്രഭുജി’ എന്ന് വിളിച്ചാണ് സ്നേഹത്തോടെയും ആദരവോടെയും പരിചരിക്കുന്നത്. ഗിന്നസ് റെക്കോർഡ് അംഗീകാരം ലഭിച്ചതോടെ, ഉപേക്ഷിക്കപ്പെട്ടവർക്ക് ആദരവും പരിചരണവും നൽകുന്ന പ്രസ്ഥാനമെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ ഈ സ്ഥാപനം കൂടുതൽ ശ്രദ്ധനേടുകയാണ്.




