Oddly News

അന്ധവിശ്വാസത്തിന്റെ അറ്റം: ആചാരത്തിനിടെ പുല്ലും വൈക്കോലും തിന്ന് 70-കാരൻ; ശരീരത്തിൽ മഹിഷാസുരൻ ‘പ്രവേശിച്ചു’ ! -വീഡിയോ

ഉത്തർപ്രദേശിലെ രുദ്ലാപൂർ ഗ്രാമത്തിൽ നാഗപഞ്ചമി ദിനത്തിൽ നടന്ന വേറിട്ടൊരു ആചാരത്തിൽ 70-കാരനായ വയോധികൻ മൃഗങ്ങളെപ്പോലെ പുല്ലും വൈക്കോലും കാലിത്തീറ്റയും തിന്നുന്നത് കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. ബുദ്ധിറാം എന്ന് പേരുള്ള വയോധികനാണ് ഈ ആചാരത്തിന്റെ ഭാഗമായി കന്നുകാലികൾക്കായി വെച്ചിരുന്ന ഭക്ഷണം കഴിച്ചത്.

നാഗപഞ്ചമി ദിനത്തിൽ ബുദ്ധിറാമിന്റെ ശരീരത്തിൽ മഹിഷാസുരൻ “പ്രവേശിച്ചു” എന്നാണ് ഗ്രാമവാസികളുടെ അവകാശവാദം. 1975 മുതൽ മൂന്ന് വർഷത്തിലൊരിക്കൽ നാഗപഞ്ചമി ദിനത്തിൽ ഈ ആചാരം നടക്കുന്നുണ്ടെന്ന് പ്രാദേശികവാസികൾ പറയുന്നു. സമയ മാതാ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷമാണ് ബുദ്ധിറാം വിചിത്രമായി പെരുമാറാൻ തുടങ്ങിയത്. കന്നുകാലികൾക്കായി മാറ്റിവെച്ച പുല്ലും വൈക്കോലും കഴിച്ച അദ്ദേഹം മൃഗങ്ങൾക്ക് വെള്ളം കൊടുക്കുന്ന പാത്രത്തിൽ നിന്നാണ് വെള്ളം കുടിച്ചതും.

വാർത്ത പടർന്നതോടെ സമീപ ഗ്രാമങ്ങളിൽ നിന്നും നിരവധി ആളുകൾ ഇത് കാണാനായെത്തി. അവിടെക്കൂടിയ ചിലർ ബുദ്ധിറാമിന് വാഴപ്പഴവും പുല്ലും വൈക്കോലും ലഡുവും നൽകുകയും ചെയ്തു.

ഈ ആചാരം നടക്കുന്ന സ്ഥലത്തെത്തി പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ നടക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതാണ് ഓരോ തവണയും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇതിനെ വർഷങ്ങളായുള്ള ആഴത്തിലുള്ള വിശ്വാസമായും പാരമ്പര്യമായും ചിലർ കാണുമ്പോൾ, വയോധികന്റെ ഈ പെരുമാറ്റത്തിന് പിന്നിൽ വൈദ്യശാസ്ത്രപരമോ മാനസികമോ ആയ കാരണങ്ങളുണ്ടാകാമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.