വിചിത്രമായ ചേരുവകളും അപ്രതീക്ഷിതമായ പരീക്ഷണങ്ങളും കാരണം ഭക്ഷണപാനീയങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണമാണ്. കോഫിയിലെ വൈവിധ്യമാർന്ന രുചികൾ മുതൽ വ്യത്യസ്ത ഭക്ഷണ രീതികൾ വരെ ഇന്റർനെറ്റിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ വിചിത്രമായ ഒരു വാദവുമായി എത്തിയിരിക്കുന്ന ഒരു പാനീയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.
മനുഷ്യന്റെ മുലപ്പാൽ ചേർത്താണ് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന “മമ്മി മോക്ക” (Mommy Mocha) എന്ന പാനീയത്തിന്റെ പേരിൽ ലോസ് ഏഞ്ചഞ്ചലസിലെ ഒരു കഫേ വൈറൽ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്.
വീഡിയോ പങ്കുവെച്ച വ്യക്തി കഫേയ്ക്ക് മുന്നിലുള്ള “ഇവിടെ മനുഷ്യന്റെ പാൽ ലഭ്യമാണ്” എന്ന ബോർഡ് കാണിക്കുകയും ഈ വിചിത്രമായ പാനീയങ്ങൾ ഓർഡർ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് പറയുകയും ചെയ്യുന്നു. തുടർന്ന് കഫേയുടെ ഉള്ളിലെ കാഴ്ചകളും ജീവനക്കാർ മുലപ്പാൽ ഉപയോഗിച്ച് കോഫി തയ്യാറാക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. “ഞാൻ ഒരു മമ്മി മോക്ക ഓർഡർ ചെയ്തു. എങ്കിലും നിങ്ങൾ തീർച്ചയായും മനുഷ്യന്റെ പാൽ കുടിക്കേണ്ടതില്ല” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
കഫേയ്ക്ക് പുറത്തുള്ള ബോർഡിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ജീവനക്കാർ പാനീയം തയ്യാറാക്കുന്നതും മറ്റൊരാൾ ഒരു ചെറിയ കുപ്പിയിൽ നിന്ന് അത് കുടിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന്, ബ്രെസ്റ്റ് പമ്പും കുപ്പിയുമായി നിൽക്കുന്ന മറ്റൊരു സ്ത്രീയെ കാണിച്ചുകൊണ്ട് “ഇവിടെ നിന്നാണോ ഇവർ ഇത് ശേഖരിക്കുന്നത്?” എന്നും വീഡിയോ ചെയ്യുന്നയാൾ ചോദിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ശ്രദ്ധ നേടിയ ഈ പാനീയത്തെ കുറിച്ച് മറ്റൊരു ഇൻസ്റ്റാഗ്രാം വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സാന്താ മോണിക്കയിലുള്ള ഒരു കോഫി ഷോപ്പിൽ മനുഷ്യന്റെ മുലപ്പാൽ വിതരണം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. കടയിലുള്ള ആളോട് ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം പാനീയം ഓർഡർ ചെയ്യുന്നതും വാനിലയോ കാരമലോ വേണ്ട എന്ന് പറഞ്ഞ് സാധാരണ രീതിയിൽ തന്നെ കുടിച്ചു നോക്കുന്നതും വീഡിയോയിലുണ്ട്. പാനീയത്തിന്റെ രുചി ഇഷ്ടപ്പെട്ടുവെന്നും ഇത് കുടിക്കുന്നത് ദഹനാരോഗ്യത്തിന് നല്ലതാണെന്ന് കൂടെയുള്ളയാൾ അവകാശപ്പെടുന്നതായും വീഡിയോയിൽ പറയുന്നു.




