Oddly News

ഇയാളല്ലല്ലോ ? ഫോട്ടോയിലെ വരനല്ല മുന്നിൽ; വിവാഹ മണ്ഡപത്തിൽ വച്ച് വധു പിന്മാറി, വരന്റെ സംഘം മടങ്ങി

പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ അരങ്ങേറി. ഫോട്ടോയിൽ കണ്ട ആളല്ല വരൻ എന്ന് മനസ്സിലായതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയും ചടങ്ങുകൾ മുടങ്ങുകയും ചെയ്തു. ഇതോടെ രാജസ്ഥാനിലെ ഛത്തർഗഡിൽ നിന്ന് വധുവിന്റെ വീട്ടിലെത്തിയ വരന്റെ സംഘത്തിന് നിരാശരായി മടങ്ങേണ്ടി വന്നു.

ഓഗസ്റ്റ് 15-നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച ദിവസം രാവിലെ തന്നെ വരനും സംഘവും വധുവിന്റെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വധു വരനെ നേരിട്ട് കാണുന്നത്. തനിക്ക് മുമ്പ് കാണിച്ചുതന്ന ഫോട്ടോയിലെ ആളല്ല മുന്നിൽ നിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ വിവാഹ വേദിയിൽ വലിയ നാടകീയ രംഗങ്ങളാണ് നടന്നത്.

അതേസമയം, വധുവിന്റെ ആരോപണങ്ങൾ വരന്റെ കുടുംബം പൂർണ്ണമായി നിഷേധിച്ചു. ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും, ചടങ്ങിന് മുമ്പ് ഇരുകൂട്ടരും ഫോണിൽ സംസാരിച്ചിരുന്നുവെന്നും അവർ അവകാശപ്പെട്ടു. ഒരു വിവാഹ ബ്രോക്കറാണ് വരന്റെ ഫോട്ടോകൾ പെൺകുട്ടിയുടെ വീട്ടുകാർക്ക് കൈമാറിയതെന്ന് വരന്റെ മുത്തച്ഛനായ മഹേന്ദ്ര സിങ് പറഞ്ഞു. ഒടുവിൽ തർക്കം രൂക്ഷമായതോടെ വിഷയം പോലീസ് സ്റ്റേഷനിലെത്തുകയും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.