Oddly News

സ്വർണ്ണവും കാറും വൈനും ഭദ്രമാക്കാൻ കോടീശ്വരന്മാർക്കായി ഭൂമിക്കടിയിൽ രഹസ്യ അറകൾ, ഓഫറുമായി സ്വിസ് കമ്പനി!

വൻകിട മോഷണങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, പരിസ്ഥിതി ഭീഷണികൾ എന്നിവയിൽ നിന്ന് തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ കോടീശ്വരന്മാർക്കായി സ്വിസ് ആൽപ്സ് പർവതനിരകൾക്ക് അടിയിൽ അത്യാധുനിക അണ്ടർഗ്രൗണ്ട് വോൾട്ടുകൾ നിർമ്മിക്കുന്നു. സ്വിറ്റ്സർലൻഡിലെ ലുൻഗേൺ ഗ്രാമത്തിന് സമീപമുള്ള ബ്രൂണിഗ് പർവതനിരയ്ക്കടിയിലാണ് ‘ബ്രൂണിഗ് മെഗാ സേഫ്’ എന്ന പേരിൽ ഈ പദ്ധതി തയ്യാറാകുന്നത്. പാറക്കെട്ടുകൾക്ക് 100 മീറ്ററിലധികം താഴെയായി 20 മുതൽ 24 വരെ സ്വകാര്യ അണ്ടർഗ്രൗണ്ട് ഗുഹകളാണ് ഈ സമുച്ചയത്തിൽ ഒരുങ്ങുന്നത്.

99 വർഷത്തെ പാട്ട വ്യവസ്ഥയിലാണ് ഈ സുരക്ഷിത അറകൾ ലഭ്യമാക്കുക. ഇതിന്റെ ആരംഭ വില 5 ലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 5.8 കോടി രൂപ) ആണ്. വലിയ വോൾട്ടുകൾക്ക് ഏകദേശം 10 ലക്ഷം സ്വിസ് ഫ്രാങ്ക് വരെ വിലവരും. തുരങ്ക നിർമ്മാണത്തിലും സ്ഫോടകവസ്തു ഉപയോഗത്തിലും ദശാബ്ദങ്ങളുടെ പരിചയസമ്പത്തുള്ള തോമസ് ഗാസർ എന്ന സ്വിസ് വ്യവസായിയുടെ നേതൃത്വത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. അടുത്ത വർഷത്തോടെ ഇവ പ്രവർത്തനസജ്ജമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്.

സ്വർണം, അപൂർവ്വ കലാസൃഷ്ടികൾ, ക്ലാസിക് കാറുകൾ, മറ്റ് ആഡംബര വസ്തുക്കൾ, വൈൻ എന്നിവ സൂക്ഷിക്കാൻ ഉപഭോക്താക്കൾക്ക് ഈ ഇടം ഉപയോഗിക്കാം. ഈ ഭൂഗർഭ അറകളിൽ സ്വാഭാവികമായി 13 ഡിഗ്രി സെൽഷ്യസ് താപനില നിലനിൽക്കുന്നത് വൈനും ആർട്ട് കളക്ഷനുകളും കേടുപാടുകൾ കൂടാതെ സൂക്ഷിക്കാൻ സഹായകരമാണ്. വലിയൊരു ആഗോള പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന വീടുകളാക്കി മാറ്റാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്വിസ് നാഷണൽ ബാങ്ക് ഉപയോഗിക്കുന്നതിന് സമാനമായ അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. കനത്ത സുരക്ഷയുള്ള പ്രധാന കവാടത്തിലൂടെ വോൾട്ടുകളിലേക്ക് സ്വന്തം വാഹനത്തിൽ തന്നെ ആളുകൾക്ക് എത്തിച്ചേരാം. മുൻപ് റെസ്റ്റോറന്റും, ഫയർഫോഴ്സ് പരിശീലന കേന്ദ്രവുമൊക്കെയായി പ്രവർത്തിച്ചിരുന്ന ഇടമാണ് ഇപ്പോൾ ഇത്തരത്തിൽ മാറ്റിയെടുക്കുന്നത്.

സ്വിറ്റ്സർലൻഡിലെ പ്രാദേശിക ജനങ്ങൾക്കിടയിൽ ഈ പദ്ധതിയോട് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ചിലർ ഇതിനെ സ്വാഗതം ചെയ്തപ്പോൾ മറ്റുചിലർ സമ്പന്നർക്കായുള്ള ഈ ആഡംബര പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും കാരണം ഇത്തരം സുരക്ഷിത കേന്ദ്രങ്ങൾക്ക് ആവശ്യം ഏറിവരികയാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.