ആലപ്പുഴ കരുവാറ്റയിൽ നടന്ന വൃദ്ധന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോൾ വിളിച്ച് 13 കാരിയായ കൊച്ചുമകളെ കാണിച്ചതായി റിപ്പോർട്ടുകൾ . പെൺകുട്ടിയുടെ ക്വട്ടേഷനിലാണ് ഈ കൊലപാതകം നടന്നത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും പ്രതികൾക്ക് അത്യാധുനിക ബൈക്ക് വാങ്ങാനുമാണ് വീട്ടിലെ ആറ് പവൻ സ്വർണം മോഷ്ടിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സിസിടിവി ദൃശ്യങ്ങളും സംഘം ഇല്ലാതാക്കി.
ഞായറാഴ്ച രാത്രിയാണ് 67 കാരനായ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം സംഘം കൊല്ലം പരവൂരിലേക്ക് കടന്നു. വയോധികനെ നഗ്നനാക്കി കയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു. തനിക്കറിയാവുന്ന 17 കാരനായ സുഹൃത്തിനാണ് പെൺകുട്ടി ക്വട്ടേഷൻ നൽകിയത്. ഇയാൾ മറ്റ് മൂന്ന് സുഹൃത്തുക്കളെയും കൂട്ടിയാണ് കൃത്യം നടത്തിയത്. മോഷണം നടത്തിയ സ്വർണം കരുനാഗപ്പള്ളിയിലെ ഒരാൾ വഴി വിൽക്കാനുള്ള ശ്രമത്തിനിടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൃത്യം നടന്ന സ്ഥലത്ത് വിരലടയാളങ്ങൾ ലഭിക്കാത്തതിനാൽ ഗ്ലൗസ് ധരിച്ചാണ് പ്രതികളെത്തിയതെന്ന് സംശയിക്കുന്നു. തെളിവുകൾ ഇല്ലാതാക്കാൻ മുളകുപൊടിയും വിതറിയിരുന്നു. ഒരു ആഴ്ച മുമ്പ് തന്നെ പ്ലാൻ ചെയ്ത ആസൂത്രിതമായ കൊലപാതകമായിരുന്നു ഇത്. അമ്മ ആശുപത്രിയിൽ പോകുമ്പോൾ മുത്തശ്ശൻ തനിച്ചാകുമെന്ന് പെൺകുട്ടി മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. മോഷണത്തിനപ്പുറം മറ്റ് എന്തെങ്കിലും വൈരാഗ്യമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശിവൻകുട്ടി പെൺകുട്ടിയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
മുത്തശ്ശൻ മരിച്ചുകിടക്കുമ്പോഴും തനിക്ക് പരീക്ഷയ്ക്ക് പോകണമെന്ന് പെൺകുട്ടി പറഞ്ഞതാണ് പൊലീസിൽ സംശയം ഉണ്ടാക്കിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ക്വട്ടേഷൻ വിവരങ്ങൾ പുറത്തുവന്നത്. ഐഫോൺ ഭ്രമത്തിന് പുറമെ മുത്തശ്ശനോട് മറ്റ് എന്തെങ്കിലും വ്യക്തിവൈരാഗ്യം പെൺകുട്ടിക്ക് ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.




