Featured Oddly News

മൂന്ന് സഹോദരിമാർ ക്യാമറമാനെ വിവാഹം കഴിച്ചോ? ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്!

ക്യാമറമാനെ മൂന്ന് ഇൻസ്റ്റഗ്രാം ക്രിയേറ്റർമാരായ സഹോദരിമാർ വിവാഹം കഴിച്ചെന്ന വാർത്ത വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) കണ്ടെത്തി. ഒരേ വേദിയിൽ വച്ച് മൂവരും ഇയാളെ വിവാഹം കഴിക്കുന്ന തരത്തിലുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ കാഴ്ചക്കാരെ കൂട്ടാനും ശ്രദ്ധ നേടാനുമായി മാത്രം നിർമിച്ച പ്രോങ്ക് വിഡിയോയാണിതെന്ന് പെൺകുട്ടികൾ തന്നെ കമ്മിറ്റിക്ക് മുന്നിൽ നേരിട്ടെത്തി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ അമ്രോഹയിലുള്ള ഹസൻപുർ ഹൗരിയ ഗ്രാമക്കാരായ മൂന്ന് പെൺകുട്ടികളും ഇരുപതുകാരനായ വികാസും ചേർന്നാണ് ജൂലൈ 17-ന് ഈ വിഡിയോ എടുത്തത്. ഇവരുടെ റീൽസുകൾ ചിത്രീകരിച്ചിരുന്നത് ചെറുപ്പം മുതൽ സുഹൃത്തായ വികാസ് ആയിരുന്നു. വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങിയതോടെ പിരിയാൻ സാധിക്കാതെ വന്നപ്പോൾ മൂവരും ചേർന്ന് ക്യാമറമാനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്ന രീതിയിലാണ് വിഡിയോ പ്രചരിപ്പിച്ചിരുന്നത്.

ക്ഷേത്രത്തിൽ വച്ച് വികാസ് പെൺകുട്ടികളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വൻ ചർച്ചയായി. എന്നാൽ ഈ ചടങ്ങിൽ പൂജാരിയോ ക്ഷേത്ര ഭാരവാഹികളോ ഉണ്ടായിരുന്നില്ല. പെൺകുട്ടികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന സംശയത്തെ തുടർന്നാണ് അമ്രോഹ സിഡബ്ല്യുസി ചെയർമാൻ അഖിലേഷ് ഭരദ്വാജിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്.

കമ്മിറ്റിക്ക് മുന്നിൽ ഹാജരായ മൂവരും തങ്ങൾക്ക് പ്രായപൂർത്തിയായെന്നും വിനോദത്തിന് വേണ്ടി മാത്രമാണ് വിഡിയോ ചെയ്തതെന്നും മൊഴി നൽകി. വിഡിയോ വൈറലായതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടതുകൊണ്ടാണ് ആദ്യം സത്യം വെളിപ്പെടുത്താതിരുന്നതെന്നും അവർ സമ്മതിച്ചു. സംഭവത്തിൽ മാപ്പുപറഞ്ഞ ഇവർ ഖേദപ്രകടനവും നടത്തിയിട്ടുണ്ട്.

തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിഡിയോ ചെയ്തതെന്നും വിവാഹം കഴിച്ചെന്ന വാദം തെറ്റാണെന്നും ഇവർ ഉറപ്പിച്ചു പറഞ്ഞു. പെൺകുട്ടികളുടെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ‘ഒരു വരനും മൂന്ന് വധുക്കളും’ എന്ന പേരിൽ പ്രചരിച്ച വാർത്ത പൂർണമായും കെട്ടിച്ചമച്ചതാണെന്ന് സിഡബ്ല്യുസി ഔദ്യോഗികമായി അറിയിച്ചു.