Celebrity

‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’: മനസ്സ് തുറന്ന് റൊണാൾഡോയും ജോർജീനയും

പത്തു വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം വിവാഹിതരായ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗ്സും കൂടുതൽ കുട്ടികൾ വേണമെന്ന ആഗ്രഹം പങ്കുവെച്ചു. വിവാഹശേഷം വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. ഇനിയും കുഞ്ഞുങ്ങൾ വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് “ഒരിക്കലും ഇല്ല എന്ന് പറയില്ല” എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി. ചെറിയ കുട്ടികളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നും, ഭാവിയിൽ അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ജോർജീനയും കൂട്ടിച്ചേർത്തു.

“ഇപ്പോൾ മറ്റൊരു കുഞ്ഞ് കൂടി ഉണ്ടാകുന്നത് വീട്ടിൽ വലിയ തിരക്കുണ്ടാക്കും. എന്നാൽ ഏറ്റവും ഇളയ കുട്ടികൾക്ക് പതിനഞ്ചോ പതിനാറോ വയസ്സാകുമ്പോൾ ഞങ്ങൾക്ക് പ്രായം അധികമാകില്ല. അപ്പോൾ എന്തുകൊണ്ട് ആയിക്കൂടാ? ചെറിയ കുട്ടികളില്ലാത്ത ഒരു ജീവിതം എനിക്ക് ഊഹിക്കാൻ പോലുമാകില്ല എന്നത് സത്യമാണ്, അതുകൊണ്ട് നമുക്ക് നോക്കാം.’’– ജോർജീന പറഞ്ഞു.

നാൽപത്തിയൊന്നുകാരനായ റൊണാൾഡോയുടെ അഞ്ച് മക്കളിൽ നാലുപേരുടെയും അമ്മ മുപ്പത്തിരണ്ടുകാരിയായ ജോർജീനയാണ്. 2010-ൽ ജനിച്ച മൂത്തമകൻ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ മാതാവ് ആരാണെന്നത് ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. പിന്നീട് 2017-ൽ വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളായ ഇവ മരിയയും മതിയോയും ജനിച്ചു. തുടർന്ന് ജോർജീനയ്ക്ക് പിറന്ന അലന മാർട്ടിന, ബെല്ല എസ്മെറാൾഡ എന്നിവരാണ് മറ്റ് മക്കൾ. ബെല്ലയുടെ ഇരട്ട സഹോദരൻ പ്രസവസമയത്ത് മരിച്ചത് ഇവർക്ക് വലിയ ആഘാതമായിരുന്നു. നിലവിൽ മക്കളെയെല്ലാം വളർത്തുന്നത് ജോർജീനയാണ്.

2016-ൽ മഡ്രിഡിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും ഈ മാസം 11-നാണ് പോർച്ചുഗലിലെ കാഷ്‌കിസിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹിതരായത്. തങ്ങളുടെ കുടുംബ പശ്ചാത്തലങ്ങൾ അത്ര ഭദ്രമല്ലാത്തതിനാൽ ഒന്നുമില്ലായ്മയുടെയും എല്ലാം ഉള്ളതിന്റെയും മൂല്യം കുഞ്ഞുങ്ങളെ പഠിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജോർജീന വ്യക്തമാക്കുന്നു. തങ്ങളുടെ ജീവിതത്തിൽ കുട്ടികൾക്കാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമെന്നും വിവാഹച്ചടങ്ങുകളിൽ പോലും അവരുടെ പങ്കാളിത്തത്തിനായിരുന്നു മുൻഗണനയെന്നും ജോർജീന അഭിമുഖത്തിൽ പങ്കുവെച്ചു.