വടക്കേ ഇന്ത്യയിലുടനീളം മൃദുവായ ‘പൊറോട്ടകൾക്ക്’ (Parathas) പേരുകേട്ട ഹരിയാനയിലെ മുർത്താലിലെ പ്രധാന ആകർഷണം ഇനി പൊറോട്ട മാത്രമായിരിക്കില്ല. കാരണം, മുർത്താലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്റർനെറ്റിൽ ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത് പൊറോട്ടകളെക്കുറിച്ചല്ല, മറിച്ച് അവിടെ ഭക്ഷണവുമായി എത്തുന്ന ‘റോബോട്ട് വെയിറ്റർമാരെ’ക്കുറിച്ചാണ്. മുർത്താലിലെ റെഷാം ദാബയാണ് (Resham Dhaba) ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നതിനായി ഈ റോബോട്ട് വെയിറ്റർമാരെ അവതരിപ്പിച്ചത്.
റോബോട്ടുകൾ ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്നതിന്റെയും ആളുകൾ അവയ്ക്കൊപ്പം സെൽഫിയെടുക്കുന്നതിന്റെയും വീഡിയോകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഈ റോബോട്ടുകൾ ഒറ്റത്തവണ ചാർജ് ചെയ്താൽ 1.5 മുതൽ രണ്ട് മണിക്കൂർ വരെ ഉപയോഗിക്കാം. ഇവയെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ടീമിനെയും ദാബ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള സംഘമാണ് ഈ റോബോട്ടുകൾ വികസിപ്പിച്ചെടുത്തത്.
ഭക്ഷണത്തിനൊപ്പം ഉപഭോക്താക്കൾക്ക് എന്തെങ്കിലും വിനോദം കൂടെ നൽകാനാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് റെഷാം ദാബ മാനേജർ സഞ്ജയ് പറയുന്നു. “മുർത്താലിൽ ഇത് തികച്ചും പുതിയൊരു ആശയമാണ്. റോബോട്ടുകളെയും ട്രെയിനുകളെയും ഉൾപ്പെടുത്തിയാണ് ഞങ്ങൾ ഇത് തയ്യാറാക്കിയത്. മുർത്താലിലെ എല്ലാ ദാബകളും നല്ല ഭക്ഷണം വിളമ്പാൻ ശ്രമിക്കാറുണ്ട്, അതിനാൽ അതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ആകർഷണം കൊണ്ടുവരണം എന്ന് ഞങ്ങൾ കരുതി. അങ്ങനെയാണ് ഭക്ഷണത്തിനൊപ്പം വിനോദവും നൽകുന്ന രീതിയിൽ റോബോട്ട്, ട്രെയിൻ ആശയം അവതരിപ്പിച്ചത്,” അദ്ദേഹം വ്യക്തമാക്കി.
ഇതിന് സമാനമായി 2024-ൽ അഹമ്മദാബാദിലെ ഒരു പോപ്പ്-അപ്പ് ട്രക്കിൽ ‘ഐസ് ഗോള’ വിളമ്പാനായി ഒരു റോബോട്ടിനെ അവതരിപ്പിച്ചിരുന്നു. തെരുവിൽ ആളുകൾക്ക് ഐസ് ഗോളകൾ വിളമ്പുന്ന ‘ആയിഷ’ എന്ന് പേരിട്ട ആ റോബോട്ടിന്റെ വീഡിയോകളും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.




