Oddly News

അഡോബിൽ 25 വർഷം ജോലി ചെയ്ത ടെക്കി, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, ഇന്ന് സ്കൂൾ ബസ് ഡ്രൈവർ

ടെക് ലോകത്ത് ഇന്ന് പിരിച്ചുവിടലുകൾ സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. വർഷങ്ങളോളം സേവനമനുഷ്ഠിച്ച സ്ഥാപനത്തിൽ നിന്നും പെട്ടെന്നൊരു ദിവസം പുറത്താക്കപ്പെടുന്നതിന്റെ വേദന വളരെ വലുതാണ്.

ഐടി രംഗത്ത് ദീർഘകാലത്തെ അനുഭവസമ്പത്തുണ്ടായിട്ടും ജോലി നഷ്ടപ്പെട്ട ഒരു മുതിർന്ന സോഫ്റ്റ്‌വെയർ ക്വാളിറ്റി എൻജിനീയർ ഇപ്പോൾ തികച്ചും വ്യത്യസ്തമായൊരു തൊഴിൽ മേഖല തിരഞ്ഞെടുത്തിരിക്കുകയാണ്. അഡോബിയിൽ (Adobe) 25 വർഷത്തിലധികം ജോലി ചെയ്ത ജെയിംസ് സ്ട്രോൺ ആണ് ഒരു വർഷത്തിലേറെ നീണ്ട തൊഴിലന്വേഷണത്തിനൊടുവിൽ സ്‌കൂൾ ബസ് ഡ്രൈവറായി പുതിയ ജീവിതം ആരംഭിച്ചത്.

2025 ജൂണിൽ ജോലി നഷ്ടപ്പെട്ട ജെയിംസ് സ്ട്രോൺ, ഹൈ-ടെക് മേഖലയിൽ നിന്നുള്ള തളർച്ചകളും വിവേചനങ്ങളും മറികടന്നാണ് സ്വന്തം ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവറാകാൻ തീരുമാനിച്ചത്. ഈ പുതിയ മാറ്റത്തെക്കുറിച്ച് അദ്ദേഹം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മുൻപത്തെ കരിയറുമായി താരതമ്യം ചെയ്യുമ്പോൾ ശമ്പളം വളരെ കുറവാണെങ്കിലും, പുതിയ ജോലി ഏറെ ആസ്വദിക്കുന്നുണ്ടെന്നും കുട്ടികളും സഹപ്രവർത്തകരും വളരെ സ്നേഹമുള്ളവരാണെന്നും അദ്ദേഹം കുറിച്ചു.

തന്റെ അപേക്ഷകൾ തള്ളിക്കളയുകയും ഇന്റർവ്യൂകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത കമ്പനികൾക്കും റിക്രൂട്ടർമാർക്കും അദ്ദേഹം മറുപടി നൽകി. വരും നാളുകളിലെങ്കിലും ഈ വ്യവസായ രംഗം കൂടുതൽ മനുഷ്യത്വമുള്ളതായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. നിലവിൽ കൊളറാഡോ ഡിസ്ട്രിക്റ്റ് 38-ലാണ് ജെയിംസ് ജോലി ചെയ്യുന്നത്. വലിയ യോഗ്യതയും പരിചയസമ്പത്തുമുള്ളവർ പോലും തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ ജെയിംസിന്റെ ഈ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മികച്ച പ്രതിഭകളെയാണ് കോർപ്പറേറ്റ് ലോകത്തിന് നഷ്ടപ്പെടുന്നതെന്ന് നിരവധി പേർ ഇതിനോട് പ്രതികരിച്ചു.