Crime

അവിഹിതത്തിന് എതിര് നിന്നു ; ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിയരിഞ്ഞ് നദികളില്‍ തള്ളി

ചെന്നൈ: കാമുകനുമൊത്തുള്ള അവിഹിതത്തെ എതിര്‍ത്ത 30 കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 26 കാരിയും കാമുകനും കൂട്ടാളികളും അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നടന്ന സംഭവത്തില്‍ വിനോദിനി എന്ന 26 കാരിയെയും കാമുകന്‍ ഭാരതി എന്ന 23 കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ മറ്റ് മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. 30 വയസ്സുള്ള പൂക്കച്ചവടക്കാരനായ പ്രഭുവിനെയാണ് ഇവര്‍ ഗൂഡാലോചന നടത്തി കൊലപ്പെടുത്തിയത്. വിവാഹേതര ബന്ധത്തെ കുറിച്ച് വിനോദിനിയോട് നേരിട്ട് ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായി മാറിയത്. പ്രഭുവിന് വിനോദിനിയില്‍ ഒരു മകളും മകനുമുണ്ട്.

സംഭവദിവസം പ്രഭുവിനെ ഉറക്കഗുളിക നല്‍കി വിനോദിനി മയക്കിക്കിടത്തിയ ശേഷം ഭാരതിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിച്ച് സംസ്‌കരിക്കാന്‍ സംഘം ശ്രമിച്ചെങ്കിലും മഴ കാരണം സാധിച്ചില്ല. പിന്നീട് അവര്‍ മൃതദേഹം പലഭാഗങ്ങളായി മുറിച്ച് കാവേരി, കൊല്ലിടം നദികളില്‍ കൊണ്ടിടുകയായിരുന്നു. വിനോദിനി, ഭാരതി, ഇവരുടെ സുഹൃത്തുക്കളായ റൂബന്‍ ബാബു, ദിവാകര്‍, ശര്‍വാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

പ്രഭുവിനെ കാണാതെ വന്നതോടെ സഹോദരന്‍ അന്വേഷിച്ച് വീട്ടില്‍ വന്നതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. അന്വേഷിച്ചപ്പോള്‍ സഹോദരന്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് വിനോദിനി പറഞ്ഞു. തുടര്‍ന്ന് സഹോദരന്‍ ചന്തയില്‍ പോയി അന്വേഷണം നടത്തിയിട്ടും ഒരു വിവരവും കിട്ടാതെ വന്നതോടെ സമയപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള ഇവരുടെ ഗൂഡാലോചനയും പോലീസ് കണ്ടെത്തി.

വിനോദിനിയും ഭാരതിയും മൂന്ന് മാസം മുമ്പ് സന്ധ്യ ഗേറ്റിന് സമീപം ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. ഇത് ആകസ്മികമായി പ്രഭു അറിഞ്ഞു. തുടര്‍ന്ന് ഭാരതിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വിനോദിനിയോട് ആവശ്യപ്പെടുകയും ഭാര്യയുമായി മറ്റൊരു പുതിയ വീട്ടിലേക്ക് താമസം മാറ്റുകയുംചെയ്തു. തുടര്‍ന്ന് 10 ദിവസത്തോളം വിനോദിനിയും ഭാരതിയും പരസ്പരം കണ്ടില്ല. ഒടുവില്‍ ഇരുവരും ചേര്‍ന്ന് പ്രഭുവിനെ കൊല്ലാന്‍ ആലോചിച്ചു. നവംബര്‍ നാലിന് ഭര്‍ത്താവിന് സുഖമില്ലാത്തതിനാല്‍ ഉറക്കഗുളിക മരുന്നായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഭാരതിയും വിനോദിനിയും ചേര്‍ന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.