Health

യു.എസിൽ 37 ലക്ഷം, ഇന്ത്യയിൽ 3.7 ലക്ഷം! അമ്മയുടെ ചികിത്സയ്ക്ക് ഇന്ത്യയിലെത്തിയ അമേരിക്കൻ യുവതിയുടെ പോസ്റ്റ് വൈറൽ

അമ്മയുടെ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് അമേരിക്കൻ യുവതി. യു.എസിൽ ആവശ്യപ്പെട്ട തുകയുടെ 10% മാത്രമാണ് ഇന്ത്യയിൽ ചികിത്സയ്ക്കായി ചെലവായതെന്ന് അമലിയ (@amelia_tweetz) എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവ് വ്യക്തമാക്കുന്നു. ചികിത്സയ്ക്കായി ആദ്യം ദക്ഷിണ കൊറിയയിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നതെന്നും, എന്നാൽ ഡോക്ടറായ ഒരു സുഹൃത്താണ് ഇന്ത്യയെക്കുറിച്ച് നിർദ്ദേശിച്ചതെന്നും അവർ പറഞ്ഞു.

യു.എസിൽ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി ഏകദേശം 45,000 ഡോളറാണ് (ഏകദേശം 37 ലക്ഷത്തിലധികം രൂപ) ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രമുഖ ആശുപത്രിയിൽ ശസ്ത്രക്രിയയും ആശുപത്രിവാസവും അടക്കം ഏകദേശം 4,500 ഡോളർ (ഏകദേശം 3.7 ലക്ഷം രൂപ) മാത്രമാണ് ചെലവായത്. ഇന്ത്യയിൽ ലഭിച്ച മികച്ച പരിചരണത്തെയും ചികിത്സയെയും അവർ പ്രശംസിച്ചു. വിദേശ രോഗികൾക്കായുള്ള യാത്രയും അനുബന്ധ സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തിയാൽ മെഡിക്കൽ ടൂറിസം രംഗത്ത് ഇന്ത്യയ്ക്ക് വൻ സാധ്യതകളുണ്ടെന്നും അമലിയ കൂട്ടിച്ചേർത്തു. “ഇന്ത്യയിലെ പരിചരണത്തിന്റെ നിലവാരം സത്യത്തിൽ അത്ഭുതപ്പെടുത്തുന്നതായിരുന്നു. യാത്ര, സുരക്ഷ, മറ്റ് യാത്രാസംബന്ധമായ സൗകര്യങ്ങൾ എന്നിവ കൂടി മെച്ചപ്പെടുത്തിയാൽ മെഡിക്കൽ ടൂറിസത്തിൽ വലിയൊരു അവസരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്,” അമലിയ എക്സിൽ കുറിച്ചു.

അമലിയയുടെ പോസ്റ്റിന് താഴെ നിരവധി ഇന്ത്യക്കാരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇന്ത്യയിലെ വൻനഗരങ്ങളിലെ ചികിത്സാസൗകര്യങ്ങൾ മികച്ചതാണെന്നും മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണെന്നും പലരും ചൂണ്ടിക്കാട്ടി. യൂറോപ്പിലും അമേരിക്കയിലും ഒരു ഡോക്ടറെ കാണാനോ ശസ്ത്രക്രിയ നടത്താനോ ആഴ്ചകളോളമോ മാസങ്ങളോളമോ കാത്തിരിക്കേണ്ടി വരുമ്പോൾ ഇന്ത്യയിൽ പെട്ടെന്ന് ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ഇതിനാലാണ് ഇന്ത്യയിൽ മെഡിക്കൽ ടൂറിസം വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും യു.എസ് ഇക്കാര്യത്തിൽ ഇന്ത്യയെക്കണ്ട് പഠിക്കണമെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യക്കാർക്ക് വിസ നൽകുന്ന നടപടികൾ കൂടുതൽ എളുപ്പമാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടണമെന്ന് ഒരാൾ അമലിയയോട് തമാശയായി പറഞ്ഞു. അമേരിക്കൻ ആരോഗ്യമേഖലയിലെ അമിതച്ചെലവുകളെ വിമർശിച്ച മറ്റൊരു വ്യക്തി, അവിടെ മുതലാളിത്തം ആരോഗ്യരംഗത്തെയും വിഴുങ്ങിയെന്നും എന്നാൽ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയിൽ മികച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാണെന്നും അഭിപ്രായപ്പെട്ടു.