Featured Sports

‘ശ്രീശാന്തിനെ എന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നു..’: പഴയ ‘അടി’യും പുതിയ തർക്കവും, വീണ്ടും ഹർഭജൻ സിങ്

2008 ലെ പ്രശസ്തമായ ‘സ്ലാപ്ഗേറ്റ്’ വിവാദത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് വീണ്ടും . എസ്. ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നുവെന്നും ഹർഭജൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും, അദ്ദേഹത്തെ റൂംമേറ്റായി നൽകുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള ഐപിഎൽ മത്സര ശേഷമാണ് ഈ വിവാദ സംഭവം നടക്കുന്നത്. മത്സരത്തിന് ശേഷമുള്ള ഹസ്തദാനത്തിനിടെ ഹർഭജന്റെ അടികൊണ്ട് ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. തുടർന്ന് ഹർഭജനെ ആ സീസണിൽ നിന്ന് വിലക്കുകയും മാച്ച് ഫീ മുഴുവൻ പിഴയായി ഈടാക്കുകയും ചെയ്തു. 2024-ൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ഇതിന്റെ എച്ച്ഡി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ സംഭവം വീണ്ടും ചർച്ചയായി.

എന്നാൽ, ഈ സംഭവം ഓർമിപ്പിക്കുന്ന തരത്തിൽ ഹർഭജൻ ഒരു പരസ്യത്തിൽ അഭിനയിച്ചത് കാര്യങ്ങൾ വീണ്ടും വഷളാക്കി. പഴയ വിവാദത്തെ തമാശയാക്കി പരസ്യം ചെയ്ത് ഹർഭജൻ ലാഭമുണ്ടാക്കിയെന്ന് ശ്രീശാന്ത് ആരോപിക്കുകയും ചെയ്തു. തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പരസ്യമെന്ന് ശ്രീശാന്ത് വെളിപ്പെടുത്തുകയുണ്ടായി.

പിന്നീട് മറ്റൊരു അഭിമുഖത്തിൽ, ഇരുവരും ബോക്സിങ് ഗിയർ ധരിച്ചു നിൽക്കുന്ന പഴയ ചിത്രം കണ്ട ശ്രീശാന്ത് ഹർഭജനെ ബോക്സിങ് റിങ്ങിലേക്ക് പരസ്യമായി വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ കരാറിൽ ഒപ്പിട്ട് റിങ്ങിലേക്ക് വരാനും ബോക്സിങ് ഗ്ലൗസ് ധരിച്ച് പോരാടാനും ശ്രീശാന്ത് ആവശ്യപ്പെട്ടു. ഈ വെല്ലുവിളിക്ക് പിന്നാലെയാണ് ഇപ്പോൾ കാര്യങ്ങൾ സമാധാനപരമായി പരിഹരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഹർഭജൻ രംഗത്തെത്തിയത്.