Crime

ഭർത്താവിന് ഉറക്കഗുളിക നൽകി ക്രൂരമർദ്ദനം, വീട്ടിൽ അറയുണ്ടാക്കി മൂടാനുള്ള ശ്രമം പാളി; ഭാര്യ അറസ്റ്റിൽ, കലണ്ടറിലെ ദുരൂഹ കുറിപ്പുകളും മന്ത്രവാദവും

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഭർത്താവിനെ കൊല്ലാൻ ആസൂത്രിതമായി ശ്രമിച്ച 38-കാരിയായ ശർമിളയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് പ്രവീൺ ജഗ്താപിന് മയക്കുമരുന്ന് നൽകിയ ശേഷം ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി വീടിനുള്ളിൽ നിർമിച്ച പ്രത്യേക അറയിലിട്ട് മൂടാനായിരുന്നു ഭാര്യയുടെ പദ്ധതി. എന്നാൽ, അവിശ്വസനീയമായ വിധത്തിൽ പ്രവീൺ മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ജൂലൈ 30-നാണ് ശർമിള കൊലപാതകത്തിനായുള്ള ഗൂഢാലോചന തുടങ്ങിയത്. ആദ്യപടിയായി ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതിനെ തുടർന്ന് പ്രവീൺ രണ്ടുദിവസത്തോളം അബോധാവസ്ഥയിലായി. ഈ സമയത്ത് ശർമിള ഇയാളെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മൃതദേഹം ഒളിപ്പിക്കാനായി വീടിനുള്ളിൽ ഇഷ്ടികയും സിമന്റും ഉപയോഗിച്ച് ഒരാൾക്ക് കിടക്കാവുന്ന വിധത്തിൽ പ്രത്യേക അറയും നിർമിച്ചിരുന്നു.

എന്നാൽ, ഈ അറ നിർമിച്ച തൊഴിലാളികൾക്കുണ്ടായ സംശയമാണ് പ്രവീണിന്റെ ജീവൻ രക്ഷിച്ചത്. വീടിനുള്ളിൽ പ്രവീണിനെ അറയ്ക്കുള്ളിലാക്കാൻ ശ്രമിക്കവേ, ഇയാളുടെ കയ്യോ കാലോ അനങ്ങുന്നത് കണ്ട തൊഴിലാളികൾ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പ്രവീണിന്റെ പിതാവ് നൽകിയ പരാതിയിലാണ് ശർമിള അറസ്റ്റിലായത്.

തനിക്ക് ഉറക്കഗുളിക നൽകിയ ശേഷം മൂന്നാം ദിവസം ബാറ്റ് കൊണ്ട് അടിക്കുമ്പോഴാണ് നേരിയ ബോധം വന്നതെന്ന് പ്രവീൺ പറഞ്ഞു. അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും ഭാര്യ കേട്ടില്ലെന്നും ബാൽക്കണിയിലെ കുഴിയിൽ കിടത്തിയ തന്റെ അനക്കം കണ്ട തൊഴിലാളികൾ പോലീസിനെ അറിയിച്ചതുകൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ അമ്മയ്ക്കും ശർമിള ഉറക്കഗുളിക നൽകിയിരുന്നതായി പ്രവീൺ പറഞ്ഞു. എന്നാൽ മർദ്ദനത്തിനിടയിൽ ബോധം വീണ്ടുകിട്ടിയ അമ്മ മറ്റൊരു മകനെ വിവരമറിയിച്ചു. സഹോദരൻ ഓടിയെത്തി വാതിൽ തുറന്ന് കുഴിയിൽ കിടന്ന പ്രവീണിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തന്റെ കൊലപാതകശ്രമത്തിന് പിന്നിൽ ഭാര്യയുടെ ദുർമന്ത്രവാദത്തിലുള്ള വിശ്വാസമാണെന്നാണ് പ്രവീൺ ആരോപിക്കുന്നത്.

കലണ്ടറിലെ അമാവാസി ദിവസങ്ങളായ ജൂലൈ 13, 14 തീയതികളിൽ ഭാര്യ ‘ഫലമില്ല’ എന്ന് കുറിച്ചിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുറിപ്പടിയില്ലാതെ വീര്യമേറിയ ഉറക്കഗുളികകൾ നൽകിയ മെഡിക്കൽ സ്റ്റോർ ഉടമയുടെ ലൈസൻസ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യവീട്ടുകാർ കൂട്ടിക്കൊണ്ടുപോയ തന്റെ രണ്ടു മക്കളുടെ ജീവൻ അപകടത്തിലാണെന്നും അവരുടെ കസ്റ്റഡി അടിയന്തരമായി തനിക്ക് വിട്ടുനൽകണമെന്നും പ്രവീൺ പോലീസിനോട് അഭ്യർത്ഥിച്ചു.