ന്യൂഡൽഹി∙ അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ സ്വീകരിക്കാനെത്തിയ ആം ആദ്മി പാർട്ടി എംഎൽഎ വിവാദത്തിൽ . വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തിൽനിന്നുള്ള എംഎൽഎ അനിൽ ഝാ വാട്സാണ് സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായത്. ബനിയനും ഷോട്സും മാത്രം ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് സ്ത്രീകളുടെ അപേക്ഷകൾ പരിശോധിക്കുകയും ഒപ്പിട്ടു നൽകുകയും ചെയ്യുന്ന അനിലിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ത്രീകൾക്ക് ധനസഹായം നൽകുന്ന ഡൽഹി സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് എംഎൽഎ പരിഗണിച്ചിരുന്നത്.
വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ, അനിലിന്റെ വസ്ത്രധാരണ രീതിയെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയിൽ കടുപ്പത്തിൽ വിമർശിച്ചു. നാണംകെട്ട പ്രവൃത്തിയാണ് അനിലിന്റേതെന്ന് രേഖാ ഗുപ്ത കുറ്റപ്പെടുത്തി. ‘നിങ്ങളുടെ പെരുമാറ്റം ഏറെ നാണക്കേടുണ്ടാക്കുന്ന ഒന്നാണ്. സ്ത്രീകൾ അപേക്ഷയുമായി വരുമ്പോൾ മാന്യമായി വസ്ത്രം ധരിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്. ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരം സമീപനം സഹിക്കാനാകില്ല, അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കണം.’–രേഖാ ഗുപ്ത ആവശ്യപ്പെട്ടു.
നിയമസഭയ്ക്കുള്ളിൽവച്ചും അനിൽ മോശം ആംഗ്യങ്ങൾ കാണിച്ചിട്ടുണ്ടെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ താൻ അത്തരത്തിൽ മോശം ആംഗ്യങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും ആരോപണം സത്യമാണെങ്കിൽ സഭയിലെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാനും അനിൽ ഝാ വെല്ലുവിളിച്ചു.




