Featured Good News

12 സീറ്റുള്ള ദോശക്കടയില്‍നിന്ന് 350 കോടിയുടെ സാമ്രാജ്യത്തിലേക്ക്! ‘ബെന്നെ ദോശ’യുടെ വിജയരഹസ്യം വെളിപ്പെടുത്തി ഹർഷ് ഗോയങ്ക

ഒരു സാധാരണ ദോശയെ 350 കോടിയോളം രൂപ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യമാക്കി മാറ്റാൻ എന്താണ് വേണ്ടത്? വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിനേക്കാൾ അടിസ്ഥാന കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണ് വേണ്ടതെന്നാണ് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിപ്രായം. മുംബൈയിലെ പ്രശസ്തമായ ‘ബെന്നെ’ (Benne) എന്ന ദോശ ബ്രാൻഡിന്റെ വൻ വിജയത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം പങ്കുവെച്ചു.

കർണാടകയിലെ ദാവൺഗരെ ശൈലിയിലുള്ള ‘ബെന്നെ ദോശ’ എന്ന ഒറ്റ വിഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന വിജയമെന്ന് ഗോയങ്ക എക്‌സിൽ കുറിച്ചു. നമ്മൾ സാധാരണ കാണുന്ന വലിയതും മെലിഞ്ഞതുമായ ദോശകളിൽ നിന്ന് വ്യത്യസ്തമായി, ചെറുതും മൃദുവായതും വെണ്ണ ധാരാളമായി ചേർത്തതുമായ ബെന്നെ ദോശ ബ്രാൻഡിന് വേറിട്ടൊരു വ്യക്തിത്വം നൽകി.

പരിമിതമായ വിഭവങ്ങൾ മാത്രം അടങ്ങിയ മെനുവും വിജയത്തിൽ വലിയ പങ്ക് വഹിച്ചു. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും ജീവനക്കാർക്ക് പരിശീലനം നൽകാനും പുതിയ ശാഖകൾ തുറക്കാനും എളുപ്പമാക്കി. ഇതിന് പുറമെ ഇലക്ട്രോണിക് സെൽഫ് ഓർഡറിംഗ് രീതിയും സ്വയം സേവനവും ഭക്ഷണശാലയിലെ തിരക്ക് കുറയ്ക്കാനും വേഗത്തിൽ സേവനം നൽകാനും സഹായിച്ചു.

2024-ൽ മുംബൈയിലെ ബാന്ദ്രയിൽ വെറും 12 സീറ്റുകളോടെ തുടങ്ങിയ ചെറിയൊരു സ്ഥാപനം വെറും രണ്ടു വർഷം കൊണ്ട് 350 കോടി രൂപ മൂല്യമുള്ള വൻ ബ്രാൻഡായി മാറി. പ്രമുഖരുടെ സന്ദർശനങ്ങളും സോഷ്യൽ മീഡിയയിലെ പ്രചാരണവും കണ്ട് ജനങ്ങൾ കടയ്ക്ക് മുന്നിൽ വരിനിന്നത് ബ്രാൻഡിന്റെ പ്രചാരം വർദ്ധിപ്പിച്ചു. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണം നൽകുന്നതും സേവനത്തിലെ വേഗതയുമാണ് ഇവരുടെ വിജയരഹസ്യമായി ഗോയങ്ക ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ഡൽഹിയിലേക്കും ബെന്നെ ദോശ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.