Oddly News

പരീക്ഷയിൽ ഉയർന്ന മാർക്ക്, സംവരണമില്ല, ജോലി കിട്ടിയില്ല; 61 ലിറ്റർ ഗംഗാജലവുമായി കൻവാർ യാത്ര നടത്തി യുവതി- വീഡിയോ

ഉത്തർപ്രദേശിലെ ജേവാർ സ്വദേശിയായ മാൻസി രാജ്‌പുത് എന്ന യുവതി ഭഗവാൻ ശിവനോടുള്ള ഭക്തിയുടെ ഭാഗമായി 61 ലിറ്റർ ജലവും പേറി കാൻവാർ യാത്ര നടത്തുകയാണ്. സ്ത്രീകൾക്ക് പ്രയാസകരമായ ജോലികൾ ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് തന്റെ ഈ കഠിനമായ യാത്രയെന്ന് മാൻസി പറയുന്നു.

സർക്കാർ ജോലി നേടാനുള്ള നിരന്തരമായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കഠിനമായ ഈ തീർത്ഥാടനം നടത്താൻ താൻ തീരുമാനിച്ചതെന്ന് മാൻസി വ്യക്തമാക്കി. കഴിഞ്ഞ മൂന്നോ നാലോ വർഷമായി യുപി പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ അടക്കമുള്ള മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ ഉയർന്ന മാർക്ക് നേടിയിട്ടും റിസർവേഷൻ മാനദണ്ഡങ്ങൾ കാരണം സെലക്ഷൻ ലിസ്റ്റിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല. ഇതിൽ മനസ്സ് തകർന്ന് നിരാശയായ സമയത്താണ് അമ്മയുടെ നിർദ്ദേശപ്രകാരം കാര്യങ്ങൾ ദൈവത്തിന് വിട്ടുനൽകാൻ തീരുമാനിച്ചത്.

തുടർന്ന് ശിവഭക്തിയിലേക്ക് തിരിഞ്ഞ മാൻസി ആദ്യം 21 ലിറ്റർ ജലവുമായി യാത്ര തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. പിന്നീട് അത് 51 ലിറ്ററായും ഒടുവിൽ 61 ലിറ്ററായും ഉയർത്തുകയായിരുന്നു. ശിവഭഗവാനിലുള്ള വിശ്വാസമാണ് ഈ പ്രയാസകരമായ ഘട്ടത്തിൽ തനിക്ക് ശക്തി നൽകിയതെന്ന് മാൻസി പറയുന്നു. പെൺകുട്ടികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറയുന്നവർക്ക് താൻ ഒരു വെല്ലുവിളിയാണെന്നും, ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം തനിക്കും ചെയ്യാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.