ബസോ ഓട്ടോയോ കൈകാട്ടി നിർത്തുന്നത് പോലെ സ്വന്തം കുടുംബത്തിന് കയറാനായി യുവാവ് ട്രെയിൻ നിർത്തിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബിഹാറിലാണ് മുസാഫർപുർ – നർകടിയാഗഞ്ച് മെമു പാസഞ്ചർ ട്രെയിൻ ഒരാൾ കൈകാണിച്ചപ്പോൾ നിർത്തിക്കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുമാർബാഗ് സ്റ്റേഷൻ പിന്നിട്ട ട്രെയിൻ ലെവൽ ക്രോസിങ്ങിന് അടുത്തെത്തിയപ്പോൾ, ഫോണിൽ സംസാരിച്ചുകൊണ്ട് ഒരാൾ ട്രെയിന് നേരെ കൈകാണിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനിൽ നിന്ന് മിസ്സായ ട്രെയിൻ കുടുംബത്തിന് കയറാൻ വേണ്ടിയാണ് ഇയാൾ നിർത്തിച്ചതെന്നാണ് വിഡിയോയ്ക്കൊപ്പമുള്ള വിവരണം. സംഭവം ശ്രദ്ധയിൽപ്പെട്ടതായി സമസ്തിപുർ റെയിൽവേ ഡിവിഷനെ ടാഗ് ചെയ്ത് റെയിൽ സേവ വ്യക്തമാക്കി.
അതേസമയം ലെവൽ ക്രോസിങ് ജീവനക്കാർ പച്ചക്കൊടിയുമായി നിൽക്കുന്നതും ഇതിനിടയിൽ കാണാം. ട്രെയിൻ നിർത്താൻ ജീവനക്കാരാരും നിർദേശം നൽകിയിട്ടില്ലെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ‘ഇതുകൊണ്ടാണ് ട്രെയിൻ വൈകുന്നത്’, ‘ട്രെയിൻ ഓട്ടോയാക്കി മാറ്റിയോ’, ‘ഇതൊക്കെ ബിഹാറിലേ നടക്കൂ’ എന്നിങ്ങനെ ഒട്ടേറെ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. ലോക്കോ പൈലറ്റിനെ ഫോണിൽ വിളിച്ച് നിർത്താൻ പറഞ്ഞതാവാം എന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും ട്രെയിൻ നിർത്തി ആളുകൾ കയറിപ്പോയല്ലോ ഇനിയിപ്പോൾ ആർക്കാണ് പ്രശ്നം എന്ന് ചോദിക്കുന്നവരുമുണ്ട്.
അതേസമയം, അപകടസാധ്യത ഒഴിവാക്കാനാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെട്ടെന്ന് കാര്യം വ്യക്തമാകാതിരുന്നതിനാൽ ലോക്കോ പൈലറ്റിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന വാദവും ഉയരുന്നുണ്ട്.




