കർണാടകയിലെ നന്ദി ഹിൽസിൽ നടന്ന മാരത്തണിനിടെ 31 വയസ്സുള്ള ഓട്ടക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവം ചെറുപ്പക്കാരിലെ ഹൃദയാഘാതത്തെക്കുറിച്ചും കായികതാരങ്ങൾക്ക് ഹൃദയ പരിശോധന ആവശ്യമാണോ എന്നതിനെക്കുറിച്ചും വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. 21 കിലോമീറ്റർ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇയാൾ കുഴഞ്ഞുവീണത്. മുൻപും കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള, തികച്ചും ആരോഗ്യവാനും ഊർജ്ജസ്വലനുമായ വ്യക്തിയായിരുന്നു ഇദ്ദേഹം.
ചെറുപ്പക്കാരും പുറമെ പൂർണ്ണ ആരോഗ്യവന്മാരുമായി കാണപ്പെടുന്നതുമായ ഓട്ടക്കാർക്ക് ഓരോ മാരത്തണിന് മുമ്പും വലിയ രീതിയിലുള്ള ഹൃദയ പരിശോധനകൾ ആവശ്യമാണെന്ന് നിർബന്ധമില്ലെന്ന് ജാസ്ലോക് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. വൈഭവ് ദേധിയ പറയുന്നു. എന്നാൽ കഠിനമായ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ പ്രാഥമിക ആരോഗ്യ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. നെഞ്ചുവേദന, തലകറങ്ങി വീഴൽ, അസാധാരണമായ നെഞ്ചിടിപ്പ്, പെട്ടെന്നുള്ള ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ വ്യായാമത്തിനിടെ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും മുൻപ് ഹൃദയാഘാതമോ മറ്റു ഹൃദ്രോഗങ്ങളോ വന്നിട്ടുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ വേണം.
ഇസിജി (ECG) പരിശോധനയിലൂടെ ചില ഹൃദയവൈകല്യങ്ങൾ തിരിച്ചറിയാൻ സാധിക്കുമെങ്കിലും, അത് എല്ലാവർക്കും നിർബന്ധമാക്കുന്നത് പൂർണ്ണമായും പ്രായോഗികമല്ല. പ്രാഥമിക പരിശോധനകളിൽ സംശയം തോന്നിയാൽ മാത്രം എക്കോകാർഡിയോഗ്രാം, സ്ട്രെസ് ടെസ്റ്റ്, കാർഡിയാക് എംആർഐ തുടങ്ങിയ വിശദമായ പരിശോധനകൾ ചെയ്താൽ മതിയാകും.
ഓട്ടക്കാർ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ചില മുന്നറിയിപ്പ് ലക്ഷണങ്ങളുണ്ട്: വ്യായാമത്തിനിടയിലെ നെഞ്ചുവേദന, ബോധക്ഷയം അല്ലെങ്കിൽ തലകറക്കം, അസാധാരണമായ നെഞ്ചിടിപ്പ്, കഠിനമായ ശ്വാസംമുട്ടൽ, പെട്ടെന്ന് പ്രകടനശേഷി കുറയുക എന്നിവയാണവ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വ്യായാമം ഉടൻ നിർത്തി ഡോക്ടറുടെ സേവനം തേടണം.
സാധാരണയായി കൃത്യമായ വ്യായാമം ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ കണ്ടെത്താനാകാത്ത ഹൃദ്രോഗങ്ങളുള്ള ചിലരിൽ കഠിനമായ വ്യായാമം വില്ലനായി മാറിയേക്കാം. അതിനാൽ ശരീരത്തിന് പുറമെ ലഭിക്കുന്ന ഫിറ്റ്നസ് മാത്രം പൂർണ്ണമായ ഹൃദയാരോഗ്യത്തിന് തെളിവല്ലെന്ന് തിരിച്ചറിയണം. കുടുംബത്തിലെ രോഗചരിത്രവും ശരീരത്തിന്റെ ലക്ഷണങ്ങളും കൃത്യമായി മനസ്സിലാക്കി പെരുമാറുകയാണ് ഇതിനുള്ള മികച്ച വഴി.




