കോഴിക്കോട് അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി ഒരു മാസത്തോളം ചികിത്സയിലായിരുന്ന ഷമീമ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പയ്യോളി സ്വദേശിനിയായ ഷമീമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. ശനിയാഴ്ച ഉണ്ടായ മരണത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭർത്താവ് നവാസിനൊപ്പമാണ് ഷമീമ അരിക്കുളത്ത് താമസിച്ചിരുന്നത്. നവാസിൽ നിന്ന് കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഗൾഫിലുള്ള സഹോദരനോട് ഷമീമ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും, സ്വന്തമായി വീടില്ലാത്തതിനാലും മാതാപിതാക്കൾ ഇല്ലാത്തതിനാലും എല്ലാം സഹിച്ചു ജീവിക്കുകയായിരുന്നു.
ഒരു മാസം മുൻപ് ഫോൺ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധു വാടകവീട്ടിലെത്തി നോക്കിയപ്പോഴാണ് ഷമീമയെ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുരയും പതയും വന്ന അവസ്ഥയിലായിരുന്ന ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ വയറിനുള്ളിൽ കറുത്ത പദാർത്ഥം കണ്ടെത്തിയതായും വിഷം ഉള്ളിൽ ചെന്നതായി സംശയമുണ്ടെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.
തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെ തുടർന്ന് ഒരു മാസത്തിലേറെയായി വെന്റിലേറ്ററിലായിരുന്ന ഷമീമ ശനിയാഴ്ച മരണപ്പെടുകയായിരുന്നു. ഷമീമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷം നവാസിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉപദ്രവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സഹോദരനും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു.
ഒരു വർഷം മുൻപ് ആദ്യ വിവാഹത്തിലെ മകളുടെ മുന്നിൽ വെച്ച് നവാസ് ഓട്ടോറിക്ഷയിടിച്ച് ഷമീമയെ കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് കൈകാലുകൾക്ക് പരിക്കേറ്റ ഷമീമയുടെ പ്രശ്നങ്ങൾ കുടുംബാംഗങ്ങൾ സംസാരിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിലായിരുന്നപ്പോൾ ആദ്യ മൂന്ന് ദിവസം മാത്രം വന്ന നവാസ് പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഷമീമയുടെ ഫോൺ ആവശ്യപ്പെട്ട് നവാസ് സഹോദരനെ കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചതായും കൈക്ക് തുന്നലിടേണ്ടി വന്നതായും സഹോദരൻ വെളിപ്പെടുത്തി. സഹോദരിയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചതോടെയാണ് ഉയർന്ന ആരോപണങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്.




