Crime

കാമുകിയെ കെട്ടാനായില്ല; പ്രതികാരത്തിന് ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കാൻ പാഴ്സൽ, ഒടുവിൽ കുടുങ്ങിയത് മുന്‍കാമുകന്‍

കാമുകിയെ വിവാഹം കഴിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിന്റെ ഗൂഢാലോചന ജമ്മു കശ്മീർ പോലീസ് പൊളിച്ചു. കാൺപൂരിൽ നിന്ന് യുവതിയുടെ ഭർത്താവിന്റെ വിലാസത്തിൽ ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ അയച്ചാണ് ഇയാൾ പ്രതികാരം വീട്ടാൻ പദ്ധതിയിട്ടത്.

ഗന്ദർബാൽ സഫാപോറിൽ കോഴിഫാം നടത്തുന്ന യുവാവിനാണ് ഈ പാഴ്സൽ ലഭിച്ചത്. ഫാമിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് എൻഡിപിഎസ് നിയമപ്രകാരം ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യംചെയ്യലിൽ യുവാവിന് ഇതിൽ പങ്കില്ലെന്ന് മനസ്സിലായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

പാഴ്സലിൽ നിന്ന് കൊക്കെയിൻ, ചരസ്, ഡൈക്ലോഫെനാക് ഗുളികകൾ എന്നിവ പോലീസ് കണ്ടെടുത്തു. ജമ്മു കശ്മീരിൽ ലഹരിമരുന്ന് കേസുകളിൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന സാഹചര്യം മുതലെടുത്താണ് പ്രതികൾ ഇത്തരമൊരു ഗൂഢാലോചന നടത്തിയത്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് കോഴിഫാം ഉടമയുടെ വിവാഹം കഴിഞ്ഞത്. അന്വേഷണത്തിനിടയിൽ ഒരു സൗദി അറേബ്യൻ നമ്പറിൽ നിന്ന് പാഴ്സലിനെക്കുറിച്ച് വിവരങ്ങൾ തിരിക്കി നിരന്തരം കോളുകൾ വന്നതായി കണ്ടെത്തി. വിവാഹത്തിന് മുമ്പ് ഈ പെൺകുട്ടിയെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതും ഇതേ നമ്പറിൽ നിന്നാണെന്ന് യുവാവ് വ്യക്തമാക്കി.

തുടർന്ന് പോലീസ് ഭാര്യയെ ചോദ്യം ചെയ്യുകയും അവരുടെ ഫോൺ പരിശോധിക്കുകയും ചെയ്തു. വിവാഹശേഷവും ഇവർ മുൻ കാമുകനായ താരിഖ് അഹമ്മദ് സൂഫിയുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതോടെയാണ് ഗൂഢാലോചന പുറത്തായത്.

ശ്രീനഗർ സൈനികോട്ട് സ്വദേശിയായ താരിഖ് അഹമ്മദ് സൂഫിയാണ് കേസിലെ പ്രധാന പ്രതി. കാൺപൂരിലെ സുഹൃത്തായ അരീബുമായി ചേർന്നാണ് ഇയാൾ പദ്ധതി തയ്യാറാക്കിയത്. കോഴിത്തീറ്റയുടെ സാമ്പിളാണെന്ന് വിശ്വസിപ്പിച്ച് ഫാം ഉടമയെക്കൊണ്ട് പാഴ്സൽ കൈപ്പറ്റിച്ച ശേഷം, അതിൽ മയക്കുമരുന്നുണ്ടെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

പ്രതിയായ അരീബ് പിന്നീട് സൗദി അറേബ്യയിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. കേസിൽ ഉപയോഗിച്ച സൗദി നമ്പറും അരീബിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ താരിഖ് അഹമ്മദ് സൂഫിയെയും അരീബിനെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.