ആരാധകരില്ലെങ്കിൽ താരങ്ങളില്ല എന്ന കാര്യം സത്യമാണ്, എന്നാൽ ബോളിവുഡ് നടി നികിത റാവലിന് നേരിടേണ്ടി വന്ന ആരാധന അൽപ്പം അതിരുകടന്നുപോയി. പൊതുപരിപാടിക്കിടെ റെഡ് കാർപെറ്റിൽ ക്യാമറകൾക്ക് പോസ് ചെയ്യുകയായിരുന്ന നികിതയെ, സെൽഫി എടുക്കാനെന്ന വ്യാജേനയാണ് ഒരു വനിതാ ആരാധിക സമീപിച്ചത്. തുടക്കത്തിൽ സാധാരണ രീതിയിൽ പെരുമാറിയ ഈ ആരാധിക, പെട്ടെന്ന് നടിയെ ചേർത്തുപിടിക്കുകയും കവിളിലും തുടർന്ന് ചുണ്ടിലും ബലമായി ചുംബിക്കുകയുമായിരുന്നു.
ഈ അപ്രതീക്ഷിത സംഭവത്തിൽ നികിത തീർത്തും അസ്വസ്ഥയാവുകയും ഞെട്ടിപ്പോവുകയും ചെയ്തു. ആരാധികയെ തടയാൻ താരം ശ്രമിച്ചെങ്കിലും ആ സ്ത്രീ നടിയെ വിട്ടുമാറാൻ കൂട്ടാക്കിയില്ല. വീഡിയോ ദൃശ്യങ്ങളിൽ നികിതയ്ക്ക് വലിയ അസ്വസ്ഥതയും നാണക്കേടും തോന്നിയതായി വ്യക്തമായി കാണാമായിരുന്നു. എന്തായാലും ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. പലരും ഈ പ്രവർത്തിയിൽ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത് വ്യക്തമായ ‘അതിക്രമം’ ആണെന്നും, ഇത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെടുന്നുണ്ട്. വ്യക്തിഗത അതിരുകൾ ലംഘിക്കുന്ന തികച്ചും മോശം പെരുമാറ്റമാണിതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുന്നു.
ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് നികിത റാവൽ. ബോളിവുഡിൽ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’, ‘മിസ്റ്റർ ഹോട്ട് മിസ്റ്റർ കൂൾ’, ‘ദി ഹീറോ – അഭിമന്യു’, ‘അമ്മ കി ബോളി’, ‘ഗരം മസാല’, ‘ക്യൂട്ട് കമീന’ എന്നീ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 2012-ൽ ‘തിമ്പ’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ച നികിത, വിക്രം റോയിക്കൊപ്പം ഒരു ഇച്ഛാധാരി നാഗിന്റെ വേഷമാണ് ചെയ്തത്. അർഷാദ് വാർസി, ചങ്കി പാണ്ഡെ എന്നിവർക്കൊപ്പം അഭിനയിക്കുന്ന ‘റോട്ടി കപ്ഡ ഔർ റൊമാൻസ്’ ആണ് നികിതയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.




