ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഫോൺ തട്ടിപ്പറിച്ച ഓടിയ കള്ളനെ ധൈര്യപൂർവ്വം പിന്തുടർന്ന് പിടിച്ച് രണ്ടു സഹോദരിമാർ. സ്കൂട്ടറിൽ കള്ളനെ പിന്തുടരുകയും അവന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തി പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു ഇവർ. മുരാറിലെ സിപി കോളനിയിൽ താമസിക്കുന്ന ഹർഷിത, രസിത അഗർവാൾ എന്നീ സഹോദരിമാർ കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.
പടാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ സോഫ ഗാലറിക്ക് സമീപത്തു കൂടെ ഇരുവരും സ്കൂട്ടറിൽ പോകുമ്പോൾ, പുറകിൽ ബൈക്കിലെത്തിയ ഒരാൾ സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന രസിതയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിക്കുകയായിരുന്നു. തുടന്ന് പ്രതി വേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഭയന്നുപോകുന്നതിന് പകരം ധൈര്യത്തോടെ പ്രതിയെ പിന്തുടരാൻ ഇരുവരും തീരുമാനിച്ചു. തിരക്കേറിയ റോഡിലൂടെ ഏകദേശം 80 കിലോമീറ്റർ വേഗതയിലാണ് ഇവർ പ്രതിക്ക് പിന്നാലെ സ്കൂട്ടറോടിച്ചത്.
ഫൂൽബാഗിന് സമീപമെത്തിയപ്പോൾ പ്രതിയുടെ ബൈക്കിന് മുന്നിലേക്ക് ഒരു ടെമ്പോ വരികയും, വഴിതിരിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ബൈക്കിലേക്ക് സഹോദരിമാർ സ്കൂട്ടർ ഇടിച്ചുകയറ്റുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട പ്രതി റോഡിലേക്ക് വീണു. പെട്ടെന്ന് തന്നെ ഇയാളെ പിടികൂടിയ പെൺകുട്ടികൾ നിലവിളിച്ച് ആളുകളെ കൂട്ടി. ഇതിനിടെ പെൺകുട്ടികൾ കള്ളന്റെ കോളറിൽ പിടിച്ച് മാറിമാറി തല്ലുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സഹോദരിമാരുടെ ഈ ധീരതയെ ഇന്റർനെറ്റ് ലോകം ഒന്നടങ്കം പ്രശംസിക്കുകയാണ്.
സംഭവം അറിഞ്ഞതോടെ നാട്ടുകാർ പെൺകുട്ടികളുടെ സഹായത്തിനെത്തുകയും പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പഞ്ചാബ് സ്വദേശിയായ മൻപ്രീത് ആണ് പിടിയിലായതെന്ന് പോലീസ് തിരിച്ചറിഞ്ഞു. രണ്ടുദിവസം മുൻപാണ് ഇയാൾ ഗ്വാളിയോറിലെത്തിയതെന്നും ഡൊമിനോസിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞു. മുറി വാടകയ്ക്കെടുക്കാൻ പണം ആവശ്യമായി വന്നതിനാലാണ് ഫോൺ മോഷണം നടത്തിയതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും മുൻപ് എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോ എന്ന് പരിശോധിക്കാൻ പഞ്ചാബ് പോലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.




