Oddly News

തിളയ്ക്കുന്ന കിണര്‍ ! ഇളകിമറിയുന്ന വെള്ളം; ‘പ്രേതബാധ’യെന്ന് സോഷ്യൽ മീഡിയ, സത്യമെന്തെന്ന് ശാസ്ത്രലോകം!

ഗുജറാത്തിലെ മോർബി ജില്ലയിലുള്ള കൃഷിഭൂമിയിലെ കിണറ്റിൽ നിന്നു തുടർച്ചയായി വെള്ളം ഇളകിമറിയുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ കൗതുകമാണ് ഉയർന്നിരിക്കുന്നത്. ദുരൂഹ ശക്തികൾ മുതൽ ഭൂഗർഭ പ്രതിഭാസങ്ങൾ വരെയാണ് ഇതിന് പിന്നിലെന്ന തരത്തിലുള്ള ചർച്ചകൾ ഇൻറർനെറ്റിൽ നടക്കുന്നുണ്ട്.

വിർപാർദ ഗ്രാമത്തിലെ പ്രാൺജീവൻഭായ് സദാരിയ എന്ന കർഷകന്റെ ഉടമസ്ഥതയിലുള്ളതാണ് ഏകദേശം 18 അടി താഴ്ചയുള്ള ഈ കിണർ. ഓഗസ്റ്റ് ആദ്യം പെയ്ത ശക്തമായ മഴയിൽ കിണർ നിറഞ്ഞതിന് ശേഷമാണ് ഈ വിചിത്രമായ പ്രതിഭാസം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. മഴയ്ക്ക് ശേഷം കിണറ്റിലെ വെള്ളം കലങ്ങുകയും, കാറ്റോ മറ്റ് തടസ്സങ്ങളോ ഇല്ലാതിരുന്നിട്ടും വെള്ളത്തിൽ തുടർച്ചയായി തിരമാലകൾ പോലെ അലകൾ രൂപപ്പെടുകയും ചെയ്യുകയായിരുന്നു.

സമീപത്തുള്ള മറ്റ് കിണറുകളിലെ വെള്ളം അനക്കമില്ലാതെ കിടക്കുമ്പോഴാണ് ഈ കിണറ്റിൽ മാത്രം ഇത്തരം ചലനങ്ങൾ കാണപ്പെടുന്നത് എന്നത് ആളുകളിൽ ആകാംക്ഷ കൂട്ടി. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. ഭയം, തമാശ, അന്ധവിശ്വാസം എന്നിവ കലർന്ന പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

സംഭവം വൈറലായെങ്കിലും ശാസ്ത്രീയമായ വിശദീകരണങ്ങളുമായും ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഒരു അത്ഭുതമല്ലെന്നും ഭൂഗർഭജല സമ്മർദ്ദം, വായു മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ഭൂഗർഭ പാറകളിലെ വിടവുകൾ എന്നിവ കാരണം വെള്ളത്തിൽ ഇത്തരത്തിലുള്ള ചലനങ്ങൾ ഉണ്ടാകാമെന്നും ശാസ്ത്രപ്രേമികൾ ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തെക്കുറിച്ച് മോർബി ജില്ലാ കളക്ടർ സ്വപ്നിൽ ഖാരെ വ്യക്തമാക്കിയത് ഇങ്ങനെയാണ്: “വിർപാർദയിലെ കിണറിനെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജിയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ചിരുന്നു. കിണറ്റിനടിയിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുവരാൻ ശ്രമിക്കുമ്പോഴാണ് വെള്ളത്തിന്റെ ഉപരിതലത്തിൽ ഇത്തരത്തിൽ അലകൾ ഉണ്ടാകുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗുജറാത്ത് ഗ്രൗണ്ട് വാട്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.”

കാരണം എന്തായാലും വിർപാർദയിലെ ഈ കിണർ ഇപ്പോൾ നാട്ടുകാരുടെയും സോഷ്യൽ മീഡിയയുടെയും പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്.