Featured Good News

വെള്ളപ്പൊക്കമൊന്നും ഇനി വിഷയയമല്ല, ആകാശത്ത് പറക്കുന്ന ഇലക്ട്രിക് കാർ! നിർമ്മിച്ച് യുവാവ്- വീഡിയോ

ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള കാഫ്ലിഖാൻ ഗ്രാമക്കാരനായ രവി തംത എന്ന യുവ സംരംഭകൻ, തന്റെ ‘ഹാപിഡ സ്കൈ’ (Hapida Sky) എന്ന സ്റ്റാർട്ടപ്പിന് കീഴിൽ നിർമ്മിച്ച ഒരൊറ്റയാൾ ഇലക്ട്രിക് പറക്കും വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വിജയിപ്പിച്ചു. ഡ്രോൺ സാങ്കേതികവിദ്യയിൽ മാറ്റങ്ങൾ വരുത്തി വികസിപ്പിച്ചെടുത്ത ‘ഹാപിഡ സ്കൈനെക്സ്’ (HAPIDA SKYNeX) എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണ പറക്കൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

പർവ്വത മേഖലകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. തന്റെ ഗ്രാമത്തിൽ നിന്ന് വീട്ടിലേക്കുള്ള 40 കിലോമീറ്റർ റോഡ് യാത്രയ്ക്ക് ഏകദേശം 90 മിനിറ്റ് എടുക്കാറുണ്ട്. എന്നാൽ ഇത്തരമൊരു പറക്കും വാഹനം ഉപയോഗിച്ചാൽ ഈ ദൂരം വെറും 10 മുതൽ 15 മിനിറ്റിനുള്ളിൽ മറികടക്കാൻ സാധിക്കുമെന്ന് രവി തംത പറയുന്നു. ഇതിനായി വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ഒരാളെ വഹിക്കാൻ ശേഷിയുള്ള ഡ്രോൺ സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തത്. റോഡ് യാത്ര ഏറെ പ്രയാസകരമായ മലയോര മേഖലകളിൽ ഇതൊരു മികച്ച ഗതാഗത മാർഗ്ഗമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനമാണിത്. എന്നാൽ ഇതിന്റെ ബാറ്ററി ശേഷി, വേഗത, പറക്കൽ സമയം, ഭാരം താങ്ങാനുള്ള ശേഷി തുടങ്ങിയ സാങ്കേതിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒറ്റയാൾക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ബാലൻസ്, സുരക്ഷ എന്നിവ ഉറപ്പാക്കാനാണ് ഈ ഘട്ടത്തിൽ സംഘം മുൻഗണന നൽകുന്നത്.

അൽമോറയിലെ ഒരു തുറസ്സായ സ്ഥലത്തായിരുന്നു പരീക്ഷണ പറക്കൽ നടന്നത്. ഇതൊരു വലിയ നേട്ടമാണെങ്കിലും വാഹനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കാൻ ഇനിയും നിരവധി പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. കൂടാതെ, ഇത്തരം പറക്കും വാഹനങ്ങൾ സാധാരണ യാത്രയ്ക്ക് ഉപയോഗിക്കുന്നതിന് മുമ്പ് വ്യോമയാന അനുമതികളും സുരക്ഷാ സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ വലിയ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുമുണ്ട്.