വയോധികനായ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളും വീഡിയോ കോൾ വഴി അവസാന ചടങ്ങുകൾ കണ്ടതും ആദരാഞ്ജലികൾ അർപ്പിച്ചതും മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. വീഡിയോയില്‍ ചടങ്ങുകള്‍ കാണുന്നതിനിടെയാണ് ഒരു മകളുടെ ചോദ്യം, “ഇതിന് ഇനി എത്ര സമയം എടുക്കും? ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്” . വയോജന മന്ദിരത്തിന്റെ ചുമതലക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മകളുടെ ഈ പ്രതികരണം.
മുംബൈയിലെ മുൻ തുണി വ്യാപാരിയായിരുന്ന ശിവചരൺ റാം രത്തൻ ഗുപ്ത കഴിഞ്ഞ ഒന്നര വർഷമായി സോണിപ്പത്തിലെ ഒരു വയോജന മന്ദിരത്തിലാണ് താമസിച്ചിരുന്നത്. കുറച്ചുകാലം മുൻപ് മരണപ്പെട്ട ഭാര്യ മീനയ്ക്കൊപ്പമാണ് ഇദ്ദേഹം ഇവിടെയെത്തിയത്.
ദീർഘകാലമായി രോഗബാധിതനായിരുന്ന ഗുപ്ത ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെയാണ് മരണപ്പെട്ടത്. വിവരമറിഞ്ഞെങ്കിലും മക്കൾക്കാർക്കും സമയത്തിന് സംസ്കാര ചടങ്ങുകൾക്കെത്താൻ കഴിഞ്ഞില്ല. മൂത്തമകൾ അനിത നേപ്പാളിലും രണ്ടാമത്തെ മകൾ നിഷ ഉത്തർപ്രദേശിലെ അസംഗഢിലും ഇളയമകൾ പ്രിയ മുംബൈയിലുമാണ് താമസം. മൂവരും വിവാഹിതരായി കുടുംബസമേതം കഴിയുന്നവരാണ്. നേരിട്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഇവർ വീഡിയോ കോൾ വഴി ചടങ്ങുകളിൽ പങ്കുചേരുകയായിരുന്നു. വയോജന മന്ദിരത്തിലെ ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
മരണത്തിന് ഏകദേശം 20 ദിവസം മുൻപ് തന്നെ ഗുപ്തയുടെ ആരോഗ്യനില വഷളായ വിവരം മക്കളെ അറിയിച്ചിരുന്നെങ്കിലും അവർക്ക് വരാൻ സാധിച്ചില്ലെന്ന് വയോജന മന്ദിരത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആനന്ദ് കുമാർ പറഞ്ഞു. മരണശേഷവും വിവരമറിയിച്ചെങ്കിലും യാത്രാസൗകര്യമില്ലെന്നും സമയമില്ലെന്നും പറഞ്ഞ് അവർ വരാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് നേപ്പാളിൽ അധ്യാപികയായ മൂത്തമകൾ അനിത 5,100 രൂപ ഓൺലൈനായി അയച്ചുകൊടുക്കുകയും പിതാവിന്റെ സംസ്കാരം ഭംഗിയായി നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
വീഡിയോ കോളിനിടയിൽ “ഇതിന് ഇനി എത്ര സമയം എടുക്കും? ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്” എന്ന് മക്കളിലൊരാൾ ചോദിച്ചതായി പറയപ്പെടുന്നു. അസ്ഥി തറവാട്ടിൽ സൂക്ഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടെങ്കിലും, പിന്നീട് തങ്ങൾക്ക് വരാൻ കഴിയില്ലെന്നും ഗംഗയിൽ ഒഴുക്കണമെന്നും മക്കൾ മാനേജ്മെന്റിനെ അറിയിച്ചു. അതേസമയം, കുടുംബത്തിന്റെ സമ്മതത്തോടെ മരണശേഷം ഗുപ്തയുടെ നേത്രങ്ങൾ ദാനം ചെയ്തു.




