ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. എല്ലാ വർഷവും ഈ സമയത്ത് ചെങ്കോട്ടയെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഓഗസ്റ്റ് 15-ന് ഉയരുന്ന ത്രിവർണ്ണ പതാകയെക്കുറിച്ചുമൊക്കെയാണ് നമ്മൾ സംസാരിക്കാറുള്ളത്. എന്നാൽ സ്വാതന്ത്ര്യം എന്നത് ഒറ്റ ദിവസം കൊണ്ടോ ഏതെങ്കിലും ഒരു നഗരത്തിൽ വെച്ചോ നേടിയെടുത്ത ഒന്നല്ല. നമ്മളിൽ ഭൂരിഭാഗം ആളുകളും സന്ദർശിച്ചിട്ടില്ലാത്ത, അധികമാരും ഓർക്കാത്ത കൊച്ചു ഗ്രാമങ്ങളിലൂടെയാണ് അത് പതുക്കെ രൂപപ്പെട്ടുവന്നത്. അത്തരം ചില ഗ്രാമങ്ങളെക്കുറിച്ച് അറിയാം.
ദണ്ഡി, ഗുജറാത്ത്
ഗുജറാത്തിലെ ഒരു തീരദേശ ഗ്രാമമാണ് ദണ്ഡി. 1930-ൽ ഗാന്ധിജി 24 ദിവസങ്ങൾ കൊണ്ട് 390 കിലോമീറ്ററോളം നടന്ന് ഇവിടെ എത്തിച്ചേർന്നില്ലായിരുന്നുവെങ്കിൽ ഈ ഗ്രാമം ഇന്നും ആരും അറിയാതെ കിടക്കുമായിരുന്നു. ബ്രിട്ടീഷുകാരുടെ ഉപ്പുനിയമം ലംഘിക്കുന്നതിനായാണ് അദ്ദേഹം ഇവിടെയെത്തി കടപ്പുറത്ത് നിന്ന് ഒരുപിടി ഉപ്പ് കൈയിലെടുത്തത്. അതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും, ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായി ദണ്ഡി മാർച്ച് മാറി. പോകുന്ന വഴിയിലുടനീളം ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തോടൊപ്പം ചേർന്നു. ഇന്ന് അവിടെ ദണ്ഡി യാത്രയുടെ സ്മരണയ്ക്കായി ‘നാഷണൽ സാൾട്ട് സത്യാഗ്രഹ മെമ്മോറിയൽ’ സ്ഥിതിചെയ്യുന്നുണ്ട്.
സേവാഗ്രാം, മഹാരാഷ്ട്ര
‘സേവനത്തിന്റെ ഗ്രാമം’ എന്നാണ് സേവാഗ്രാം എന്ന വാക്കിനർത്ഥം. 1936-ൽ വർധയ്ക്കടുത്തുള്ള ഈ ഗ്രാമത്തിൽ ഗാന്ധിജി തന്റെ ആശ്രമം സ്ഥാപിക്കുകയും 1948 വരെ അത് തന്റെ പ്രവർത്തന കേന്ദ്രമാക്കുകയും ചെയ്തു. സ്വയംപര്യാപ്തത, ഖാദി, ഗ്രാമീണ വ്യവസായങ്ങൾ, അടിസ്ഥാന വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ അദ്ദേഹം രൂപപ്പെടുത്തിയത് ഇവിടെ വെച്ചാണ്. 1942-ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ആസൂത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ ഇവിടെ എത്തിയിരുന്നു. വിപ്ലവവും മാറ്റവും ആരംഭിക്കേണ്ടത് വൻനഗരങ്ങളിൽ നിന്നല്ല, മറിച്ച് ഇത്തരം കൊച്ചു ഗ്രാമങ്ങളിൽ നിന്നാണെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു.
ചൗരി ചൗര, ഉത്തർപ്രദേശ്
വേറിട്ടൊരു കഥയാണ് ചൗരി ചൗരയ്ക്ക് പറയാനുള്ളത്. 1922 ഫെബ്രുവരിയിൽ ഇവിടെ വെച്ച് സമരാനുകൂലികളും പോലീസും തമ്മിൽ ഏറ്റുമുട്ടുകയും അക്രമത്തിൽ കലാശിക്കുകയും ചെയ്തു. പ്രക്ഷോഭകാരികൾ പോലീസ് സ്റ്റേഷന് തീയിട്ടതിനെ തുടർന്ന് ഇരുപതോളം പോലീസുകാർ കൊല്ലപ്പെട്ടു. ഗാന്ധിജി നയിച്ചിരുന്ന നിസഹകരണ പ്രസ്ഥാനം രാജ്യത്തുടനീളം ശക്തമായി മുന്നേറുന്ന സമയത്തായിരുന്നു ഈ സംഭവം. എന്നാൽ അക്രമരഹിത സമരമാർഗ്ഗത്തിന് എതിരായതിനാൽ ഗാന്ധിജി പെട്ടെന്ന് തന്നെ നിസഹകരണ പ്രസ്ഥാനം പിൻവലിച്ചു. ഇതൊരു തർക്കവിഷയമായി മാറിയെങ്കിലും, അഹിംസ എന്ന തത്വത്തിന് അദ്ദേഹം എത്രത്തോളം പ്രാധാന്യം നൽകിയിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
കാക്കോരി, ഉത്തർപ്രദേശ്
ലഖ്നൗവിന് അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കാക്കോരി. 1925 ഓഗസ്റ്റിലെ ഒരു രാത്രിയിൽ, റാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുല്ല ഖാൻ എന്നിവരടങ്ങുന്ന വിപ്ലവകാരികളായ ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെ വെച്ച് ഒരു ട്രെയിൻ തടഞ്ഞുനിർത്തുകയും ബ്രിട്ടീഷ് ഖജനാവിലേക്കുള്ള പണം കൊള്ളയടിക്കുകയും ചെയ്തു. ആയുധങ്ങൾ വാങ്ങുന്നതിനായുള്ള പണം കണ്ടെത്താനായിരുന്നു ഇത്. എന്നാൽ അതിന് വലിയ വില നൽകേണ്ടി വന്നു; അവരിൽ ഭൂരിഭാഗം പേരും പിടിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധ പോരാട്ടം ആവശ്യമാണെന്ന് വിശ്വസിച്ച വിപ്ലവകാരികളുടെ ഓർമ്മപ്പെടുത്തലാണ് കാക്കോരി.
വൻനഗരങ്ങളെയോ സ്മാരകങ്ങളെയോ പോലെ ഈ ഗ്രാമങ്ങൾക്ക് വലിയ ശ്രദ്ധ ലഭിക്കാറില്ലെങ്കിലും, 1947-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുന്നതിൽ ഇവ ഓരോന്നും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഈ ഗ്രാമങ്ങൾ തീർച്ചയായും ഓർമ്മിക്കപ്പെടേണ്ടവയാണ്.




