Crime

കുട്ടി ബൈക്കിൽ തൊട്ടതിന് യാചകിയായ അമ്മയ്ക്ക് ക്രൂരമർദനം! ചെരുപ്പുകൊണ്ടടിച്ചും ചവിട്ടിയും യുവാവ്- വീഡിയോ

കപൂർത്തലയിലെ മാതാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് പുറത്ത് സ്ത്രീക്ക് നേരെ ഉണ്ടായ മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്ര കവാടത്തിന് സമീപം ഇരുന്നിരുന്ന യാചകയായ സ്ത്രീയെ ഒരു വ്യക്തി മർദിക്കുന്നത് വീഡിയോയിൽ കാണാം. തർക്കം തുടങ്ങുമ്പോൾ ഈ സ്ത്രീയോടൊപ്പം കുട്ടികളും ഉണ്ടായിരുന്നു.

ചെറിയൊരു തർക്കമാണ് സംഭവത്തിന് കാരണമായത്. ക്ഷേത്രത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ കുട്ടികൾ തൊടുകയോ അനക്കുകയോ ചെയ്തതാണ് ബൈക്ക് ഉടമയെ പ്രകോപിപ്പിച്ചത്. കോപാകുലനായ ഇയാൾ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വീഡിയോയിൽ ഇയാൾ സ്ത്രീയെ നിലത്തേക്ക് തള്ളിവിട്ട് ചെരിപ്പ് കൊണ്ട് അടിക്കുന്നത് കാണാം. ചില ഭക്തരും വഴിയാത്രക്കാരും ഇടപെട്ട് സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, പ്രതി വീണ്ടും തിരിച്ചെത്തി സ്ത്രീയെ തൊഴിക്കുകയായിരുന്നു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങൾ രംഗത്തെത്തി. ഭയം കാരണം ഈ സ്ത്രീ ആദ്യം പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ വീഡിയോ പ്രചരിക്കുകയും ഭരണസമിതികളും സാമൂഹിക സംഘടനകളും ഇടപെടുകയും ചെയ്തതോടെ പൊലീസ് സ്വമേധയാ കേസെടുത്തു.

സംഭവത്തിൽ വനിതാ കമ്മീഷനും മനുഷ്യാവകാശ കോർ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കടുത്ത നിയമനടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡിവൈഎസ്പി ശീതൾ സിംഗിനാണ് അന്വേഷണ ചുമതല. വീഡിയോ ദൃശ്യങ്ങളും പ്രാഥമിക അന്വേഷണവും അടിസ്ഥാനമാക്കി പ്രതിയെ തിരിച്ചറിഞ്ഞതായി ഡിവൈഎസ്പി അറിയിച്ചു. ഷെയ്ഖുപ്പൂർ സ്വദേശിയായ പവൻ കുമാറിന്റെ മകൻ വികാസ് ശർമ്മയാണ് ആക്രമണം നടത്തിയത്. ക്ഷേത്രത്തിന് തൊട്ടുമുന്നിൽ ഒരു കട നടത്തുകയാണ് ഇയാൾ.

ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരം സിറ്റി പൊലീസ് സ്റ്റേഷനിൽ വികാസ് ശർമ്മയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ നടത്തുന്നുണ്ടെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.