Oddly News

20 വർഷം മുന്‍പ് തനിക്ക് കരള്‍ ദാനം ചെയ്തയാളുടെ സഹോദരനുമായി പ്രണയം! കുടുംബത്തിലേയ്ക്ക് വധുവായി യുവതി

ജീവൻ രക്ഷിച്ച കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇരുപതിലധികം വർഷങ്ങൾക്ക് ശേഷം, ആ ജീവൻ സമ്മാനിച്ച പത്ത് വയസ്സുകാരന്റെ സഹോദരന്റെ വധുവാകാൻ ഒരുങ്ങുകയാണ് കെന്റക്കി സ്വദേശിയായ ബ്രൂക്ലിൻ ഡോട്സൺ.

2003-ൽ പിഞ്ചുകുഞ്ഞായിരുന്ന ബ്രൂക്ലിന് അപൂർവ്വമായ കരൾ രോഗം ബാധിച്ചു. എത്രയും വേഗം കരൾ മാറ്റിവെച്ചില്ലെങ്കിൽ കുട്ടി ഏതാനും ദിവസങ്ങൾക്കകം മരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ബ്രൂക്ലിന്റെ അമ്മ പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ സിൻസിനാറ്റി ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയക്കായി യോജിച്ച ഒരു കരൾ ലഭ്യമായി.

വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട, ഒഹായോ സ്വദേശിയായ മൈക്കിൾ വാട്ടേഴ്സ് എന്ന പത്ത് വയസ്സുകാരന്റേതായിരുന്നു ആ കരൾ. ചെറുപ്പത്തിൽ തന്നെ അവയവദാനം ചെയ്യണമെന്ന് ആഗ്രഹിച്ച കുട്ടി ആയിരുന്നു മൈക്കിൾ. മകന്റെ ആഗ്രഹം മാനിച്ച് മാതാപിതാക്കൾ അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. മൈക്കിളിന്റെ കരൾ ബ്രൂക്ലിന്റെ ജീവൻ രക്ഷിച്ചു.

ഈ സംഭവത്തോടെ ഇരു കുടുംബങ്ങളും തമ്മിൽ അടുത്തബന്ധം സ്ഥാപിക്കപ്പെട്ടു. വർഷങ്ങളോളം മൈക്കിളിന്റെ കുടുംബവുമായി ബന്ധം പുലർത്തിയ ബ്രൂക്ലിൻ, മൈക്കിളിന്റെ ഇളയ സഹോദരൻ നോഹ വാട്ടേഴ്സുമായി അടുത്ത സൗഹൃദത്തിലായി. വളരുന്തോറും ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. വരും സെപ്റ്റംബർ 26-നാണ് ഇവരുടെ വിവാഹം. ഒരു ദുരന്തത്തിൽ നിന്ന് തുടങ്ങി പ്രണയത്തിലും പ്രതീക്ഷയിലും എത്തിനിൽക്കുന്ന അപൂർവ്വമായ ഒരു കഥയായി ഇവരുടെ ജീവിതം മാറി.

“എന്റെ സഹോദരൻ 20 വർഷങ്ങൾക്ക് ശേഷം എന്റെ ഭാര്യയാകാൻ പോകുന്ന ആളുടെ ജീവൻ രക്ഷിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” എന്ന് നോഹ വാട്ടേഴ്സ് വൈകാരികമായി പറഞ്ഞു. താൻ ജീവിക്കുന്ന ഓരോ ദിവസവും മൈക്കിൾ എടുത്ത സ്വാർത്ഥയില്ലാത്ത ആ ഒരു തീരുമാനം കൊണ്ടാണെന്നും, ജീവിതകാലം മുഴുവൻ അവന്റെ ഓർമ്മ നിലനിർത്തുമെന്നും ബ്രൂക്ലിൻ വ്യക്തമാക്കി.