വിസ്കോൺസിനിൽ നിന്നുള്ള 69-കാരൻ തന്റെ ഗ്രാമത്തില്‍നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ സ്വന്തം ഹെലികോപ്റ്ററിൽ നഗരത്തിലെ സ്റ്റോറിലേക്ക് പറന്നെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ദീർഘദൂര റോഡ് യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്. റോസൻഡാൽ ഗ്രാമത്തിൽ നിന്ന് പറന്നുയർന്ന പൈലറ്റ്, പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ ഇറക്കിയത് കണ്ട് പ്രദേശവാസികളും അധികാരികളും അത്ഭുതപ്പെട്ടു. ഹൈവേയിലൂടെ വണ്ടി ഓടിച്ചു വരാൻ ഒരുപാട് സമയമെടുക്കുമെന്നതിനാലാണ് ഹെലികോപ്റ്ററിൽ വരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റിച്ച്ഫീൽഡ് ഗ്രാമത്തിലെ പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ വിവരമറിഞ്ഞ് വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടി സ്ഥലത്തെത്തി. പൈലറ്റുമായി സംസാരിച്ച ശേഷമാണ് യാത്ര ദൈർഘ്യമേറിയതുകൊണ്ടാണ് അദ്ദേഹം ഹെലികോപ്റ്ററിൽ എത്തിയതെന്ന് പോലീസ് മനസ്സിലാക്കിയത്. ആവശ്യമായ ലൈസൻസ് കൈവശമുണ്ടായിരുന്ന പൈലറ്റ് എഫ്.എ.എ (FAA) നിബന്ധനകൾ കൃത്യമായി പാലിച്ചാണ് ഹെലികോപ്റ്റർ താഴെയിറക്കിയത്. കൂടാതെ പോലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി. നിയമലംഘനങ്ങളോ അറസ്റ്റോ ഒന്നും ഉണ്ടായില്ലെന്നും, ഷോപ്പിംഗിനായി ആളുകൾ കണ്ടെത്തുന്ന വേറിട്ട വഴികളിലൊന്നാണിതെന്നും പോലീസ് വ്യക്തമാക്കി.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. പാർക്കിംഗ് ലോട്ടിൽ കോപ്റ്റർ തിരിച്ചറിയാൻ അദ്ദേഹം ചിഹ്നത്തിന്റെ ഫോട്ടോ എടുത്തിട്ടുണ്ടാകുമെന്ന് ഒരാൾ തമാശയായി കുറിച്ചപ്പോൾ, ഭാവിയിൽ എല്ലാവർക്കും സ്വന്തമായി പറക്കുന്ന വാഹനങ്ങൾ ഉണ്ടാകേണ്ടതാണെന്നും ഈ പൈലറ്റിന്റെ പ്രവർത്തി അഭിനന്ദനാർഹമാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് വിർജീനിയയിലെ ഒരു മക്ഡൊണാൾഡ്സിന്റെ പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ ഇറക്കി ആളുകൾ ഉച്ചഭക്ഷണം കഴിക്കാൻ പോയ സംഭവവും മറ്റൊരു ഉപയോക്താവ് പങ്കുവെച്ചു.




