Featured Good News

മരണമുഖത്തുനിന്ന് അപരിചിതനെ രക്ഷിച്ച മലയാളി പെൺകൊടികൾക്ക് കൈയടി! ഹർഷ ഗോയങ്കയുടെ ബിഗ് സല്യൂട്ട്!

ഗതാഗതക്കുരുക്കിൽപ്പെട്ട് ഹൃദയാഘാതം സംഭവിച്ച അപരിചിതനായ ഒരാളുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച മലയാളി നേഴ്സ്മാര്‍ക്ക് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിനന്ദനം. കഴിഞ്ഞ മാസമാണ് എറണാകുളം ജില്ലയിലെ കാലടി പാലത്തിന് സമീപം സംഭവം നടന്നത്. അങ്കമാലി എൽ. എഫ്. ആശുപത്രിയിലെ നഴ്സായ അഞ്ജലി ബൈജുവും നഴ്സിംഗ് വിദ്യാർത്ഥിനിയായ ആർദ്ര രാജും ബസിൽ യാത്ര ചെയ്യുമ്പോഴാണ് കാറിനുള്ളിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടത്. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഇരുവരും ഉടൻതന്നെ ബസിൽ നിന്നിറങ്ങി സഹായത്തിനെത്തുകയായിരുന്നു.

തങ്ങളുടെ മെഡിക്കൽ പരിശീലനം ഉപയോഗിച്ച് അഞ്ജലിയും ആർദ്രയും സി.പി.ആർ നൽകാൻ തുടങ്ങി. ആംബുലൻസ് സ്ഥലത്തെത്തുന്നതുവരെ, നിർണായകമായ ആ നിമിഷങ്ങളിൽ അവർ അത് തുടർന്നു. ഇത് അയാളുടെ ജീവൻ നിലനിർത്താൻ സഹായിച്ചു.

ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഗോയങ്കെ ഇവരുടെ മനസാന്നിദ്ധ്യത്തെയും സ്വാർത്ഥതയില്ലാത്ത പ്രവർത്തിയെയും പ്രശംസിച്ചു. ഇന്ത്യയ്ക്ക് ഇവരെപ്പോലുള്ള കൂടുതൽ മനുഷ്യരെ ആവശ്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, അഞ്ജലിയുടെയും ആർദ്രയുടെയും ധൈര്യത്തെയും കരുണയെയും അഭിവാദ്യം ചെയ്തു.

“കേരളത്തിലെ ട്രാഫിക്കിൽ ഒരു അപരിചിതന് ഹൃദയാഘാതം സംഭവിച്ചപ്പോൾ ഒരു നഴ്സും നഴ്സിംഗ് വിദ്യാർത്ഥിനിയും ബസിൽ നിന്നിറങ്ങി സഹായത്തിനെത്തി. ആംബുലൻസ് എത്തുന്നതിന് മുമ്പ് അവർ നൽകിയ സമയോചിതമായ സി.പി.ആർ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. ഇന്ത്യയ്ക്ക് ഇവരെപ്പോലുള്ള കൂടുതൽ മനുഷ്യരെ ആവശ്യമുണ്ട്. അഞ്ജലിക്കും ആർദ്ര രാജിനും ബിഗ് സല്യൂട്ട്,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വൻ പ്രചാരം നേടി. ഓരോ സെക്കൻഡും വിലപ്പെട്ടതായിരുന്ന ആ സമയത്ത് തങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തിയതിന് നിരവധി പേർ ഇരുവർക്കും പ്രശംസ ചൊരിഞ്ഞു.

നിരവധി ഉപയോക്താക്കൾ നഴ്സിംഗ് തൊഴിലിന്റെ മഹത്വത്തെയും എടുത്തുപറഞ്ഞു. നഴ്സിംഗ് ഒരു മഹത്തായ സേവനമാണെന്നും കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ ഉയർന്ന നിലവാരമാണ് ഇത് കാണിക്കുന്നതെന്നും ഒരു ഉപയോക്താവ് കുറിച്ചു. നഴ്സുമാർ ഡോക്ടർമാരെപ്പോലെ തന്നെ പ്രധാനപ്പെട്ടവരാണെന്നും അഞ്ജലിയും ആർദ്രയും യഥാർത്ഥ രത്നങ്ങളാണെന്നും അവരുടെ പ്രവർത്തി മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും മറ്റൊരാൾ പറഞ്ഞു.

“മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും ദയാലുക്കളാണെന്നാണ് ഞാൻ കണ്ടിട്ടുള്ളത്. അവരുടെ ദൈനംദിന കാരുണ്യപ്രവർത്തികൾ മിക്കപ്പോഴും നിശബ്ദമായിരിക്കും. ചില അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ വിഷമഘട്ടങ്ങളിൽ ആളുകൾ യാത്രകളും ഭക്ഷണവും പ്രാഥമിക സഹായങ്ങളും പങ്കുവെക്കാറുണ്ട്. അഞ്ജലിയെയും ആർദ്രയെയും ദൈവം അനുഗ്രഹിക്കട്ടെ, തീർച്ചയായും നമുക്ക് ഇങ്ങനെയുള്ള കൂടുതൽ ആളുകളെ ആവശ്യമുണ്ട്,” എന്ന് മൂന്നാമതൊരു ഉപയോക്താവ് കുറിച്ചു. “എല്ലാ പൗരന്മാരും സി.പി.ആർ പോലെയുള്ള അടിസ്ഥാന ജീവൻരക്ഷാ മാർഗങ്ങൾ അറിഞ്ഞിരിക്കണം. മനുഷ്യത്വമാണ് ഏറ്റവും വലിയ അടയാളമെന്ന് അഞ്ജലിയും ആർദ്ര രാജും തെളിയിച്ചിരിക്കുന്നു, സല്യൂട്ട്,” എന്ന് മറ്റൊരു വ്യക്തി കൂട്ടിച്ചേർത്തു.