NEET പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തെത്തുടർന്ന് പ്രതിഷേധ പ്രചാരണത്തിന് തുടക്കമിട്ട കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത്ത് ദിപ്കെ പൊതുശ്രദ്ധയിൽ നിലനിൽക്കുകയാണ്. ഒരു സോഷ്യൽ മീഡിയ പ്രസ്ഥാനമായി തുടങ്ങിയ ഈ പ്രചാരണം പെട്ടെന്ന് തന്നെ വലിയൊരു ബഹുജന പ്രതിഷേധമായി മാറുകയും ഒടുവിൽ ഡൽഹിയിലെ ജന്തർ മന്തറിലെ പ്രകടനങ്ങളിൽ കലാശിക്കുകയും ചെയ്തു.
ഈ പ്രചാരണം ആരംഭിക്കുന്ന സമയത്ത് ദിപ്കെ ബോസ്റ്റണിൽ താമസിച്ചു ജോലി അന്വേഷിക്കുകയായിരുന്നു. തന്റെ ഓൺലൈൻ പ്രസ്ഥാനത്തിന് ഇത്രയും വലിയ രാജ്യവ്യാപക പിന്തുണ ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. പിന്തുണ വർദ്ധിച്ചുവന്നതോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തി പ്രതിഷേധങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
“വിമാനത്താവളത്തിൽ വെച്ച് ഞാൻ മിക്കവാറും അറസ്റ്റ് ചെയ്യപ്പെടാം,” എന്ന് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ദിപ്കെ പറഞ്ഞിരുന്നു. എങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശവും ഉപയോഗിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് നീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പൊതുപ്രക്ഷോഭങ്ങളിലൊന്നായി ഈ പ്രതിഷേധങ്ങൾ മാറുകയും ദിപ്കെയെ രാഷ്ട്രീയ, പൊതു ചർച്ചകളുടെ കേന്ദ്രബിന്ദുവാക്കുകയും ചെയ്തു.
പ്രതിഷേധങ്ങൾക്ക് മാസങ്ങൾക്ക് ശേഷം, അഭിജീത്ത് ദിപ്കെയുടെ ഭാവിയെക്കുറിച്ച് ഒരു ജോത്സ്യൻ സംസാരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്. @sanddeepbajajnumero എന്ന അക്കൗണ്ട് പങ്കിട്ട ഈ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്.
ദിപ്കെയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, “ഏറ്റവും മോശം ഭാവിയാണ് ഇദ്ദേഹത്തെ കാത്തിരിക്കുന്നത്” എന്ന നിരാശാജനകമായ പ്രവചനമാണ് ജോത്സ്യൻ നടത്തിയത്. സംഖ്യാശാസ്ത്രപ്രകാരം നമ്പറുകൾ 2, 4, അല്ലെങ്കിൽ 8 വരുന്ന ആളുകൾ ജീവിതത്തിൽ കുമിളകളെപ്പോലെ ഉയരങ്ങളിലേക്ക് വരുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്യും,” എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന പെട്ടെന്ന് തന്നെ വലിയ ചർച്ചാവിഷയമാവുകയും ദിപ്കെയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.
വരുന്ന വർഷം സി.ജെ.പി സ്ഥാപകന് പ്രത്യേകിച്ച് ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും, എന്തിനേറെ ജയിൽവാസത്തിന് വരെ സാധ്യതയുണ്ടെന്നും ജോത്സ്യൻ അവകാശപ്പെട്ടു. സംഖ്യാശാസ്ത്രപ്രകാരം അദ്ദേഹത്തിന്റെ പേഴ്സണൽ ഇയർ 4 ആയി മാറും. ഇത് 2 നോടും 8 നോടും ചേർന്നുപോകുന്ന ഒന്നല്ല. അതിനാൽ വരുന്ന വർഷം അദ്ദേഹം വളരെ സൂക്ഷിക്കണം. ഈ വർഷം പേഴ്സണൽ ഇയർ 3 ആയതിനാൽ വലിയ ഭാഗ്യം ലഭിച്ചതായി തോന്നാം. എന്നാൽ ഫെബ്രുവരി 6 ന് ശേഷം നിരവധി പ്രശ്നങ്ങളും സംഘർഷങ്ങളും ഉയർന്നുവരുമെന്നും ജോത്സ്യൻ കൂട്ടിച്ചേർത്തു. കൂടാതെ, ഭാവി മെച്ചപ്പെടുത്താൻ തന്റെ പേരിന്റെ അക്ഷരവിന്യാസത്തിൽ (Spelling) മാറ്റം വരുത്താനും ജോത്സ്യൻ ദിപ്കെയെ ഉപദേശിച്ചു.




