സ്പാനിഷ് ഫുട്ബോളിൽ നിലവിൽ ഏറെ ആരാധകരുള്ള ബാർസിലോന താരം ലമീൻ യമാൽ അച്ഛനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് പ്രചരിക്കുന്നത്. 19-ാം വയസ്സിൽ ലോകകപ്പ് നേട്ടം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തെക്കുറിച്ചുള്ള പുതിയ വാർത്ത പുറത്തുവരുന്നത്. യമാലിന്റെ പങ്കാളിയും 21 വയസ്സുകാരിയുമായ ഇനസ് ഗാർസിയ സാന്റോസ് ടിക്ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്.
ഒരു ഗർഭിണിയായ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇനസ് റീപോസ്റ്റ് ചെയ്യുകയായിരുന്നു. തനിക്കുള്ളിൽ തുടിക്കുന്ന ഒരു കുഞ്ഞു ജീവനെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പും ആ വീഡിയോയിലുണ്ടായിരുന്നു. ഇനസ് ശരിക്കും ഗർഭിണിയാണെന്നതിന്റെ സൂചനയാണോ ഇത്, അതോ സാധാരണയായി ഒരു വീഡിയോ ഷെയർ ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തങ്ങൾ ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വാർത്തയോട് യമാലോ ഇനസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബാർസിലോന ക്ലബ്ബ് അടുത്തിടെ സംഘടിപ്പിച്ച ഒരു ചടങ്ങിൽ യമാലും ഇനസും ഒന്നിച്ചെത്തിയതോടെയാണ് ഇവരുടെ പ്രണയം പരസ്യമായത്. പ്രമുഖ ഫാഷൻ ഇൻഫ്ലുവൻസറായ ഇനസിന് സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. നേരത്തെ അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായുള്ള പ്രണയം അവസാനിച്ച ശേഷമാണ് യമാൽ ഇനസുമായി അടുപ്പത്തിലാകുന്നത്. 2023-ൽ ബാർസിലോനയിൽ അരങ്ങേറ്റം കുറിച്ച ലമീൻ യമാൽ നിലവിൽ ക്ലബ്ബിന്റെയും സ്പെയിൻ ദേശീയ ടീമിന്റെയും പ്രധാന മുന്നേറ്റനിര താരമാണ്.




