Oddly News

വീട്ടു ശുചിമുറിയിൽ മുതലയ്ക്കെന്താണ് കാര്യം? ബാത്ത്റൂമില്‍ 7 അടി നീളമുള്ള മുതല! കുരച്ചുചാടി നായകൾ, വീട്ടുകാരെ ഞെട്ടിച്ച സംഭവം- വീഡിയോ

രാത്രിയിൽ വീടിന്റെ ബാത്ത്‌റൂമിൽ ഏഴടി നീളമുള്ള മുതലയെ കണ്ട് കുടുംബം ഞെട്ടി. മഴക്കാലത്ത് ജനവാസ മേഖലകളിലേക്ക് മുതലകൾ ഇറങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം.

ബാലഭായ് ചൗഹാൻ എന്നയാളുടെ വീടിന്റെ ബാത്ത്‌റൂമിലാണ് അർദ്ധരാത്രിയോടെ മുതലയെ കണ്ടെത്തിയത്. രാത്രിയിൽ വീടിന് പുറത്ത് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് കേട്ടാണ് ബാലഭായ് ഉണർന്നത്. കാര്യമന്തെന്നറിയാൻ പുറത്തിറങ്ങി ബാത്ത്‌റൂമിൽ പരിശോധിച്ച ഇദ്ദേഹം, അവിടെ ഭീമൻ മുതലയെ കണ്ട് അമ്പരന്നുപോയി.

ഭയന്നുപോയ കുടുംബം മുതലയെ സ്വയം പുറത്താക്കാൻ ശ്രമിക്കാതെ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. സന്ദേശം ലഭിച്ചയുടൻ വനംവകുപ്പ് ജീവനക്കാരായ നിലേഷ് ഭർവാദ്, മനീഷ് പ്രജാപതി, ദയാ ഫൗണ്ടേഷൻ പ്രസിഡന്റ് നിതേഷ് ചൗഹാൻ, വോളന്റിയർ തുഷാർ റാണ എന്നിവരടങ്ങുന്ന രക്ഷാ സംഘം സ്ഥലത്തെത്തി.

മുതലയ്ക്കോ സമീപവാസികൾക്കോ പരിക്കേൽക്കാത്ത രീതിയിൽ വളരെ ശ്രദ്ധയോടെ നടത്തിയ പരിശ്രമത്തിനൊടുവിൽ, ഒരു മണിക്കൂറോളമെടുത്ത് സംഘം മുതലയെ സുരക്ഷിതമായി പിടികൂടി. തുടർന്ന് അതിനെ സമീപത്തുള്ള കുളത്തിൽ തുറന്നുവിട്ടു.

മഴക്കാലത്ത് നദികൾ, കനാലുകൾ, കുളങ്ങൾ എന്നിവയിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുതലകൾ സ്വാഭാവിക വാസസ്ഥലങ്ങളിൽ നിന്ന് ജനവാസ മേഖലകളിലേക്ക് എത്തുന്നത് എന്ന് വനപാലകർ വ്യക്തമാക്കി. ഇര തിരഞ്ഞും പുതിയ താവളങ്ങൾ തേടിയുമാണ് ഇവ പലപ്പോഴും ആളുകൾ താമസിക്കുന്ന ഇടങ്ങളിലേക്ക് എത്തിപ്പെടുന്നത്.

സമീപഗ്രാമമായ മലതാജിലെ കുളത്തിൽ നൂറിലധികം മുതലകൾ ജീവിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ കനാലുകൾ വഴി ഇവ സമീപത്തെ റോഡുകളിലേക്കും കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും കയറിപ്പറ്റാറുണ്ട്. അതിനാൽ മഴക്കാലത്ത് പ്രദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *