കൊല്ലം: വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ കുണ്ടറ പോലീസ് പിടികൂടി വിട്ടയച്ച സിയാദ് എന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ശബ്‌ദരേഖ. മര്‍ദനത്തില്‍ ആരോപണവിധേയനായ സി.പി.ഒ: ശ്രീജിത്തിനെ സിയാദിന്റെ മകള്‍ വിളിച്ച് സംസാരിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നു.
‘അന്ന് സാറന്മാരോട് എല്ലാവരോടും ഞാന്‍ പറഞ്ഞതല്ലേ പപ്പായ്‌ക്കു വയ്യാത്തതാണെന്ന്. സാറ് അവിടെയിട്ട് ഇടിച്ചെന്ന് അന്നേ പപ്പ പറഞ്ഞിരുന്നു. ഇപ്പോ എന്റെ പപ്പ പോയി. ആശുപത്രിയില്‍ പോയപ്പോ ആരാ ഇടിച്ചതെന്നു ചോദിച്ചു. നട്ടെല്ല് മൊത്തം പഴുത്തിരിക്കുകയായിരുന്നു. ഇപ്പോ പോയി. അന്നു സാറിനോട് ഞാന്‍ നൂറുവട്ടം പറഞ്ഞതാ… വയ്യാത്ത ആളാണെന്ന്…’ സിയാദിന്റെ മകള്‍ കരഞ്ഞുകൊണ്ട് പറയുന്നതാണു ശബ്‌ദരേഖ.
കുണ്ടറയിൽ പോലീസ് കസ്റ്റഡി മർദനത്തെത്തുടർന്ന് യുവാവ് മരിച്ചെന്ന ഗുരുതര ആരോപണത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ച സിയാദ് എന്ന യുവാവാണ് ആശുപത്രിയിൽ മരണപ്പെട്ടത്. പോലീസ് ക്രൂരമായി മർദിച്ചതാണ് മരണകാരണമെന്ന് സിയാദിന്റെ കുടുംബം ആരോപിച്ചു. സംഭവത്തെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തരമന്ത്രി നിർദേശിച്ചത്.
കഴിഞ്ഞ ജൂൺ 16-നാണ് സിയാദിനെ വീട്ടിൽ നിന്ന് കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേ ദിവസം കാണാതായ വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് സിയാദിനെ വിട്ടയക്കുകയായിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട സിയാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ഇയാൾ മരണത്തിന് കീഴടങ്ങിയത്. പോലീസ് മർദനത്തിൽ വാരിയെല്ലിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ ആരോപണം നിഷേധിച്ച പോലീസ്, സിയാദിനെ മർദിച്ചിട്ടില്ലെന്നും ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുമാണ് വിശദീകരിക്കുന്നത്.




