ചെന്നൈ സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്ന് ജീവനൊടുക്കിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മാറി നല്കി. വ്യത്യസ്ത സംഭവങ്ങളില്‍ ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് മാറിപ്പോയത്. കവരപ്പേട്ട പടമ്പാക്കം സ്വദേശിയായ 19 വയസ്സുള്ള അനുഷ്ക, മണലി സ്വദേശിയായ 18 വയസ്സുള്ള പ്രിയദര്‍ശിനി എന്നിവരുടെ മൃതദേഹങ്ങളാണ് ആശുപത്രി അധികൃതർ ബന്ധുക്കള്‍ക്ക് മാറി വിട്ടുനല്‍കിയത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രിയദര്ശിനിയുടേതെന്ന പേരിൽ അനുഷ്കയുടെ മൃതദേഹമാണ് ആശുപത്രി അധികൃതർ വീട്ടുകാർക്ക് കൈമാറിയത്. ഈ മൃതദേഹവുമായി വീട്ടിലെത്തിയ പ്രിയദര്‍ശിനിയുടെ ബന്ധുക്കള്‍ പൊതുദര്‍ശനവും സംസ്കാരച്ചടങ്ങുകളും നടത്തുന്നതിനിടെ, ചിതയിലേക്ക് മാറ്റാൻ ഒരുങ്ങുമ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം തിരിച്ചറിയുന്നത്. തുടർന്ന് അനുഷ്കയുടെ ഭൗതികശരീരവുമായി തിരികെ ആശുപത്രിയിലെത്തിയ ബന്ധുക്കൾ അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുകയും വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ മാറിപ്പോയ കാര്യം ഉറപ്പിച്ചത്. എന്നാൽ പെൺകുട്ടിയുടെ പിതാവിന് മൃതദേഹം തിരിച്ചറിയുന്നതിൽ പറ്റിയ അബദ്ധമാണ് സംഭവത്തിന് കാരണമായതെന്നാണ് ആശുപത്രിയുടെ വിശദീകരണം. രണ്ട് മൃതദേഹങ്ങളും ഏറെക്കുറെ ജീർണ്ണിച്ച അവസ്ഥയിലായിരുന്നുവെന്നും, ഒരേ പ്രായത്തിലുള്ള പെൺകുട്ടികളുടെ ശരീരപ്രകൃതവും അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും സമാനമായിരുന്നുവെന്നും അധികൃതർ ന്യായീകരണമായി ചൂണ്ടിക്കാട്ടി.




