Crime

ബലാല്‍സംഗപരാതി നല്‍കി; അകത്തായ പ്രതിയെ വിവാഹം കഴിക്കണമെന്ന് അതിജീവിത; ഒടുവില്‍ ദാ ട്വിസ്റ്റ്…

ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിലായ പ്രതിയെത്തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി വിഷം കഴിച്ചു. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം നടക്കുന്നത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് യുവതി ഈ ഘോരകൃത്യം ചെയ്തത്. തനിക്ക് വിവാഹവാഗ്ദാനം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ചുവെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് യുവതി ചൗരി ചൗര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

എന്നാൽ യുവാവ് ജയിലിലായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതി ഇയാളെത്തന്നെ വിവാഹം കഴിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. പ്രതി നിലവിൽ ജയിലിലാണെന്നും കേസിന്റെ നിയമനടപടികൾ പുരോഗമിക്കുന്നതിനാൽ ഇപ്പോൾ കാണാൻ കഴിയില്ലെന്നും പോലീസ് യുവതിയോട് വ്യക്തമാക്കി. എന്നാൽ ഇയാളെ കണ്ടേ തീരൂ എന്ന നിലപാടിൽ യുവതി ഉറച്ചുനിൽക്കുകയായിരുന്നു.

യുവാവിനെ കാണാൻ സാധിക്കില്ലെന്ന് പോലീസ് വീണ്ടും വ്യക്തമാക്കിയതോടെ യുവതി സ്റ്റേഷന് പുറത്തിറങ്ങി കൈയ്യിൽ കരുതിയിരുന്ന ശുചീകരണ ലായനി കുടിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻതന്നെ യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കൂടുതൽ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് പോലീസ് യുവതിയുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. നിലവിൽ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമായി മെച്ചപ്പെട്ടാൽ മാത്രമേ പീഡനക്കേസിലെ തുടർനടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കൂ എന്ന നിലപാടിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *